അഭിഭാഷകന്റെ ആത്മഹത്യ, യുവാവ് അറസ്റ്റിൽ

Thursday 17 April 2025 3:46 AM IST

കൊല്ലം:ഹൈക്കോടതിയിലെ മുൻ സീനിയർ ഗവ.പ്ലീഡർ പി.ജി.മനുവിന്റെ ആത്മഹത്യയിൽ ഒരാൾ അറസ്റ്റിൽ. മനുവിനെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതിയുടെ ഭർത്താവായ ഓണക്കൂർ,അഞ്ചൽപ്പെട്ടി പ്ലാത്തോട്ടത്തിൽ വീട്ടിൽ ജോൺസണാണ് (40) ഇന്നലെ പിറവത്തുള്ള ബന്ധുവീട്ടിൽ നിന്ന് പിടിയിലായത്. ഇയാളുടെ നിരന്തര സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ നവംബറിലാണ് ഇയാൾ വീഡിയോ ചിത്രീകരിക്കുന്നത്. ജോൺസണിന്റെ ഫോൺ പൊലീസ് പരിശോധിച്ചു. വീഡിയോ കാണിച്ച് ഇയാൾ നിരന്തരം മനുവിനെ ഭീഷണിപ്പെടുത്തിയെന്നും പണം ആവശ്യപ്പെട്ടിരുന്നതായും വീഡിയോ ചിത്രീകരിച്ചപ്പോൾ മനുവിനെ കുടുംബത്തിന്റെ മുന്നിൽ വെച്ച് കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ മനു,തനിക്കെതിരെ ആരോപണം ഉയർത്തിയ മറ്റൊരു യുവതിയുടെ വീട്ടിൽ കുടുംബത്തോടൊപ്പമെത്തി മാപ്പ് പറയുന്ന തരത്തിലുള്ള ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളി​ലൂടെ പ്രചരിച്ചിരുന്നു. തുടർന്ന് മനോവിഷമത്തിലായ മനുവിനെ 13ന് കൊല്ലം ആനന്ദവല്ലീശ്വരത്തിനടുത്തുള്ള വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഡോ.വന്ദനാദാസ് കൊലക്കേസിൽ പ്രതിഭാഗം അഭിഭാഷകനായ ബി​.എ.ആളൂരിനൊപ്പം പ്രവർത്തിക്കുകയായിരുന്നു. ഈ കേസിന്റെ ആവശ്യത്തിനാണ് കൊല്ലത്തെത്തിയത്.