ലഹരി ഉപയോഗിക്കുന്നവർക്കെതിരെ നിലപാട് ആവർത്തിച്ച് നടി വിൻസി

Thursday 17 April 2025 2:46 AM IST

കൊച്ചി​: ലഹരി​ ഉപയോഗി​ക്കുന്നവർക്കൊപ്പം അഭി​നയി​ക്കി​ല്ലെന്ന് നടി വിൻസി അലോഷ്യസ് ഇൻസ്റ്റാഗ്രാമി​ലൂടെ ആവർത്തിച്ചു. തന്റെ ജീവിതത്തിൽ ആൽക്കഹോൾ, സിഗരറ്റ്, മയക്കുമരുന്ന് തുടങ്ങി മനസിനെയോ ആരോഗ്യത്തെയോ ബാധിക്കുന്ന ഒന്നും ഉണ്ടാവി​ല്ലെന്നും വിൻസി പറഞ്ഞു​.

സിനിമയുടെ സെറ്റിൽവച്ച് ലഹരി ഉപയോഗിച്ച നടനിൽ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ചുള്ള പരാമർശം വിവാദമായിരുന്നു. ഷൂട്ടിംഗി​നി​ടെ ഒരു പ്രധാന ആർട്ടിസ്റ്റ് മയക്കുമരുന്ന് ഉപയോഗിച്ച് മോശമായ രീതിയിൽ പെരുമാറി. സീൻ പ്രാക്ടീസിനി​ടെ ഇയാളുടെ വായിൽനിന്ന് വെള്ളനിറത്തിലുള്ള എന്തോ പുറത്തേക്ക് തെറിച്ചു. എന്നിങ്ങനെയായിരുന്നു വിവാദ പരാമ‍‌‌ർശം.

'വ്യക്തിപരമായി ലഹരി ഉപയോഗിക്കുന്നതൊക്കെ അവരുടെ കാര്യമാകാം. സെറ്റിൽ ഉപയോഗിച്ച് അത് മറ്റുള്ളവർക്ക് ഉപദ്രവകരം ആകുമ്പോൾ സഹിക്കാൻ കഴിയില്ല. അതെല്ലാം സഹിച്ചുകൊണ്ട് ജോലി ചെയ്യാനും അത്രയും ബോധമില്ലാത്ത ഒരാളുടെകൂടെ അഭിനയിക്കാനും താത്പര്യമില്ലായിരുന്നു. നല്ല സിനിമയായതി​നാലും പൂർത്തീകരി​ക്കാനുള്ള സംവി​ധായകന്റെ ബുദ്ധി​മുട്ടും കണ്ടാണ് അത് പൂർത്തിയാക്കാൻ ശ്രമിച്ചത്.

സിനിമയില്ലെങ്കിൽ സിനിമ ഇല്ല, അല്ലെങ്കിൽ അവസരങ്ങൾ കുറവാണെന്ന് പറയാനുള്ള ധൈര്യവും മനക്കട്ടിയുമുണ്ട്. സിനിമ ജീവിതത്തിന്റെ ഒരുഭാഗം മാത്രമാണ്." എവിടെനിന്നാണ് താൻ വന്നതെന്നും എവിടെ എത്തിനിൽക്കുന്നുവെന്നും ഇനി മുന്നോട്ട് എങ്ങനെ പോകണമെന്ന് വ്യക്തമായി​ അറി​യാമെന്നും വി​ൻസി​ വ്യക്തമാക്കി.