മാംഗോ ഫെസ്റ്റും കർഷകരെ ആദരിക്കലും
കൊല്ലം: നീണ്ടകര ദളവാപുരം ദി ഫാം സ്റ്റോറിൽ 22 മുതൽ 27 വരെ മാംഗോ ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്വന്തം ഫാമിൽ വിളയിച്ച വിവിധയിനം മാമ്പഴങ്ങൾ, മറ്റ് കാർഷിക വിളകൾ, മൂല്യ വർദ്ധിത ഉല്പന്നങ്ങൾ തുടങ്ങിയവ ലഭ്യമാക്കും. ഫെസ്റ്റിന്റെ ഭാഗമായി കാർഷിക മേഖലയിലെ വിശിഷ്ട വ്യക്തികളെ ആദരിക്കും. 22ന് രാവിലെ 10ന് ഡോ.സുജിത് വിജയൻ പിള്ള എം.എൽ. എ മാംഗോ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. പുതിയ മൂല്യ വർദ്ധിത ഉല്പന്നങ്ങളായ മാംഗോ ജ്യൂസ്,ജാം ഹൽവ, അച്ചാർ, സ്ക്വാഷ്, ജാതിക്കജ്യൂസ്, കാൻഡി എന്നിവ വിപണിയിലെത്തിക്കും. 26ന് മന്ത്രി ജെ.ചിഞ്ചുറാണി കർഷകരെ ആദരിക്കും. വിവിധ ഇനം മാമ്പഴങ്ങൾ, തൈകൾ എന്നിവ ലഭ്യമാക്കും. പാലക്കാട് 25 ഏക്കറിൽ 70 ഇനം മാവുകൾ കൂടി ഉൾപ്പെടുന്നതാണ് ഫാം. ഇതിന് പുറമെ തെക്കുംഭാഗത്ത് 4.5 ഏക്കറിൽ കാർഷിക സംരംഭവുമുണ്ട്. ഫാം ഉടമ ബ്ലെയ്സി ജോർജ്, ജോർജ് ജോസഫ്, റിട്ട. കൃഷി ഡെപ്യൂട്ടി ഡയറക്ടർ വി.വിജയകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.