വാനിലെത്തി വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം

Thursday 17 April 2025 1:23 AM IST
കുന്നത്തൂർ പുത്തനമ്പലത്ത് സ്കൂൾ വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച വാഹനത്തിൻ്റെ ചിത്രം നിരീക്ഷണ ക്യാമറയിൽ പതിഞ്ഞപ്പോൾ

കുന്നത്തൂർ: പുത്തനമ്പലത്ത് ഒമ്നി വാനിലെത്തിയ രണ്ടംഗ സംഘം സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന സ്കൂൾ വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതായി പരാതി. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. കുന്നത്തൂർ പുത്തനമ്പലം ജംഗ്ഷനിൽ നിന്ന് മുടി വെട്ടിയ ശേഷം വീട്ടിലേക്ക് സൈക്കിളിൽ മടങ്ങിവരികയായിരുന്ന 12 കാരനെയാണ് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. വാഴവിള ജംഗ്ഷനിൽ വച്ച് എതിർദിശയിൽ നിന്ന് വരികയായിരുന്ന കുട്ടിയെ ഇടിച്ചിടാൻ ശ്രമം നടത്തി. തുടർന്ന് ഡോർ തുറന്ന് അകത്ത് കയറ്റാൻ ശ്രമിച്ചെങ്കിലും കുട്ടി കുതറിയോടി. കുട്ടിയുടെ നിലവിളി കേട്ടെത്തിയ പരിസരവാസി വിവരം അന്വഷിക്കുമ്പോൾ പുത്തനമ്പലം വരെ പോയി മടങ്ങിയെത്തിയ വാൻ വീണ്ടും ഇടിച്ച് തെറിപ്പിക്കാൻ ശ്രമം നടത്തി. കഷ്ടിച്ചാണ് കുട്ടിയും പരിസരവാസിയും രക്ഷപ്പെട്ടത്. മുമ്പും പലതവണ തനിക്കുനേരെ ഇത്തരത്തിൽ തട്ടിക്കൊണ്ട് പോകൽ ശ്രമം നടന്നിട്ടുള്ളതായും അന്യ സംസ്ഥാനക്കാരെ പോലെ തോന്നിക്കുന്നവരാണ് പിന്നിലെന്നും കുട്ടി പറയുന്നു. അതിനിടെ വാഹനത്തിന്റെ സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും ആരെയും പിടികൂടിയിട്ടില്ല.