വിഴിഞ്ഞം സുദിനം മേയ് രണ്ട്,​ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

Friday 18 April 2025 1:48 AM IST

തിരുവനന്തപുരം: വികസന കേരളം കാത്തിരുന്ന ആ ദിനം മേയ് രണ്ട്. വിഴിഞ്ഞം തുറമുഖം അന്ന് രാവിലെ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും.

ഇതുസംബന്ധിച്ച അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ചതായി മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാളും എത്തും. തുറമുഖത്തൊരുക്കുന്ന പ്രത്യേക വേദിയിലായിരിക്കും ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പ്രമുഖ നേതാക്കളും പങ്കെടുക്കും. കമ്മിഷനിംഗിന്റെ ഔദ്യോഗിക പരിപാടി ഉടൻ തയ്യാറാക്കും.

കഴിഞ്ഞ ഡിസംബറിൽ തുറമുഖം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങിയിരുന്നു. 263 കപ്പലുകളിലായി 5.36ലക്ഷം കണ്ടെയ്നറുകളെത്തി. ലോകത്തെ വലിയ കണ്ടെയ്നർ കപ്പലായ എം.എസ്.സി തുർക്കിയും വിഴിഞ്ഞത്തെത്തി. മാർച്ചിൽ 51 കപ്പലുകളെത്തി ഒരു ലക്ഷത്തിലധികം ടി.ഇ.യു കൈകാര്യം ചെയ്ത് തുറമുഖം റെക്കാഡിട്ടിരുന്നു. ദക്ഷിണേന്ത്യയിൽ ചരക്ക് നീക്കത്തിൽ വിഴിഞ്ഞം ഇപ്പോൾത്തന്നെ മുന്നിലാണ്.

തുറമുഖത്തുനിന്ന് എൻ.എച്ച് 66മായി ബന്ധിപ്പിക്കുന്ന 1.7 കിലോമീറ്റർ പോർട്ട് റോഡിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. പോർട്ട് റോഡ് എൻ.എച്ച് 66മായി ബന്ധിപ്പിക്കുന്നതിന് നാഷണൽ ഹൈവേ അതോറിട്ടിയുടെ അനുമതി കാത്തിരിക്കുകയാണ്. തുറമുഖത്തേക്കുള്ള റെയിൽ തുരങ്കപാത നിർമ്മാണത്തിന് കൊങ്കൺ റെയിലിന് കരാർ നൽകി.

2028ൽ കൂറ്റൻ തുറമുഖം

 9600 കോടി രൂപയുടെ രണ്ട്, മൂന്ന് ഘട്ട വികസനം 2028 ഡിസംബറിനകം പൂർത്തിയാക്കും

 രണ്ടാം ഘട്ടത്തിന് ഭൂമി കണ്ടെത്തുന്നത് കടൽ നികത്തിയാണ്. സ്വകാര്യ ഭൂമി ഏറ്റെടുക്കില്ല

 30 ലക്ഷം കണ്ടെയ്നർ വാർഷിക ശേഷിയുള്ള യാർഡിനായി 77.17 ഹെക്ടർ കടൽ നികത്തി കണ്ടെത്തും

 കണ്ടെയ്‌നർ ടെർമിനൽ 1,200 മീറ്റർ കൂടി ദീർഘിപ്പിച്ച് ആകെ നീളം 2000 മീറ്ററാക്കും

 മൂന്ന് ഘട്ടവും പൂർത്തിയാവുമ്പോൾ കണ്ടെയ്നർ ശേഷി പ്രതിവർഷം 45 ലക്ഷം വരെയായി ഉയരും