ഹൈദരാബാദിനെ പിടിച്ചുനിര്‍ത്തി ബൗളര്‍മാര്‍; മുംബയ്ക്ക് 163 റണ്‍സ് വിജയലക്ഷ്യം

Thursday 17 April 2025 9:26 PM IST

മുംബയ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബയ് ഇന്ത്യന്‍സിന് 163 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട ശേഷം ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറുകളില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടി. സാധാരണയായി ബാറ്റിംഗിന് അനുകൂലമായ വാംഖഡെ സ്റ്റേഡിയത്തില്‍ റണ്‍സ് കണ്ടെത്താന്‍ ഹൈദരാബാദ് ബാറ്റര്‍മാര്‍ ബുദ്ധിമുട്ടി. എട്ടാം ഓവറിലാണ് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടതെങ്കിലും 59 റണ്‍സ് മാത്രമാണ് ഓപ്പണിംഗ് സഖ്യത്തിന് നേടാന്‍ കഴിഞ്ഞത്.

അഭിഷേക് ശര്‍മ്മയെ 40(28) പുറത്താക്കി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ് മുംബയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. മുന്‍ മുംബയ് താരം ഇഷാന്‍ കിഷന്‍ 2(3), ട്രാവിസ് ഹെഡ് 28(29) എന്നിവര്‍ സ്പിന്നര്‍ വില്‍ ജാക്‌സിന് വിക്കറ്റ് നല്‍കി മടങ്ങി. നിതീഷ് കുമാര്‍ റെഡ്ഡി 19(21) ഹെയ്ന്‍ റിച്ച് ക്ലാസന്‍ 37(28) അനികേത് വര്‍മ 18*(8) പാറ്റ് കമ്മിന്‍സ് 8*(4) എന്നിവര്‍ അവസാന ഓവറുകളില്‍ ടീം സ്‌കോര്‍ 160 കടത്തുകയും പൊരുതാവുന്ന സ്‌കോര്‍ സമ്മാനിക്കുകയും ചെയ്തു.

മുംബയ് ഇന്ത്യന്‍സിന് വേണ്ടി വില്‍ ജാക്‌സ് രണ്ട് വിക്കറ്റ് വീഴ്ത്തി ബൗളിംഗില്‍ മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ട്രെന്റ് ബോള്‍ട്ട്, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. പോയിന്റ് പട്ടികയില്‍ പിന്നോക്കം നില്‍ക്കുന്ന രണ്ട് ടീമുകളെ സംബന്ധിച്ചും ഇന്നത്തെ മത്സരത്തില്‍ വിജയം നേടുകയെന്നത് നിര്‍ണായകമാണ്.