തണ്ണിമത്തനിൽ 'വേനൽ മധുരം' വിളവെടുപ്പിൽ അതിമധുരം

Friday 18 April 2025 1:49 AM IST

കൊച്ചി: കേരളത്തിൽ വിളവെടുത്ത വിഷരഹിതമായ തനി നാടൻ തണ്ണിമത്തൻ കുടുംബശ്രീ നൽകും. സംസ്ഥാന കുടുംബശ്രീ മിഷനാണ് കൃഷിചെയ്തത്. കുടുംബശ്രീ ഫാം ലൈവ്‌ലിഹുഡ് പദ്ധതിയുടെ ഭാഗമായാണ് പദ്ധതി. 'വേനൽ മധുരം' എന്ന പേരിലാണ് ക്യാമ്പയിൻ. ജില്ലയിൽ വിളവെടുപ്പ് ആരംഭിച്ചു. കുടുംബശ്രീ മാർക്കറ്റുകൾ വഴിയാണ് വില്പന.

ജില്ലയിലെ ബ്ലോക്കുകൾ കേന്ദ്രീകരിച്ചാണ് കൃഷി. 98 ഏക്കറിലാണ് ജില്ലയിൽ തണ്ണിമത്തൻ കൃഷിയുള്ളത്. 25 രൂപയാണ് കിലോയ്ക്ക് വില. 153 ജോയിന്റ് ലയബലിറ്റി (ജെ.എൽ.ജി) ഗ്രൂപ്പുകളിലായി 183 സ്ത്രീകളാണ് കൃഷി നടത്തുന്നത്. നാടൻ തണ്ണിമത്തൻ ആയതിനാൽ വളരെ വേഗം വിറ്റുപോകുന്നതിന്റെ സന്തോഷത്തിലാണ് കുടുംബശ്രീ അധികൃതർ.

ഡിസംബർ, ജനുവരി മാസങ്ങളിലാണ് കൃഷി ആരംഭിച്ചത്. ആദ്യമായാണ് സംസ്ഥാനത്തുടനീളം ഒരേസമയം കുടുംബശ്രീ തണ്ണിമത്തൻ കൃഷി ചെയ്യുന്നത്. കുടുംബശ്രീയുടെ കൂട്ടുത്തരവാദിത്ത സംഘക്കൃഷി (ജെ.എൽ.ജി ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്) കർഷകരിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രാദേശികമായി തണ്ണിമത്തൻ കൃഷി പ്രോത്സാഹിപ്പിക്കുകയും വേനൽ കാലത്ത് ഗുണമേന്മയുള്ള വിഷരഹിതമായ തണ്ണിമത്തന്റെ ലഭ്യത ഉറപ്പ് വരുത്തുകയുമാണ് ലക്ഷ്യം.

25000 രൂപ ധനസഹായം തണ്ണിമത്തൻ കൃഷിക്കായി നിലമൊരുക്കുന്നതിനും നടീൽ വസ്തുക്കൾ വാങ്ങുന്നതിനും സി.ഡി.എസ് വഴി പരമാവധി 25,000 രൂപ വരെ റിവോൾവിൾ ഫണ്ടായി നൽകി. ഈ തുക വിളവെടുപ്പ് പൂർത്തിയായി ഒരു മാസത്തിനുശേഷം ലാഭത്തിൽ നിന്ന് തിരിച്ചടയ്ക്കണം.

ജില്ലയിലെ ആകെ സി.ഡി.എസുകൾ 102

ഗ്രാമീണ മേഖലയിലെ സി.ഡി.എസ് 82

റിവോൾവിൾ ഫണ്ട് 25000 രൂപ

കൃഷി ചെയ്ത ജെ.എൽ.ജി- 153

കർഷകർ- 184

തണ്ണിമത്തൻ ഇനങ്ങൾ

ഷുഗർ ബേബി

പക്കീസ

ഷുഗർ ക്വീൻ

ജൂബിലി കിംഗ്

യെല്ലോ മഞ്ച്

ഓറഞ്ച് ഡിലൈറ്റ്