ലഹരിക്കുരുക്ക്: സിനിമ സ്റ്റൈലിൽ ചാടിയോടി ഷൈൻ ടോം

Friday 18 April 2025 1:34 AM IST

കൊച്ചി: ലഹരിവേട്ട നടത്തുന്ന ഡാൻസാഫ് സംഘം എത്തിയതറിഞ്ഞ് രാത്രിയിൽ ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് ചാടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയെ കണ്ടെത്താൻ പൊലീസിനായില്ല. ഹോട്ടൽ ഇടനാഴിയിലൂടെ പായുന്ന ദൃശ്യങ്ങൾകൂടി പുറത്തുവന്നതോടെ, സംഭവം മലയാള സിനിമാമേഖലയെ പിടിച്ചുകുലുക്കി.

ഷൂട്ടിംഗിനിടെ മയക്കുമരുന്ന് ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് നടി വിൻസി അലോഷ്യസ് കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്‌സിന് നൽകിയ പരാതി പുറത്താവുകയും ആരോപണ വിധേയൻ ഷൈനാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിതിനു പിന്നാലെയാണ് നടൻ ജീവനും കൊണ്ടോടിയത്.

സിനിമാരംഗത്തെ പരാതികൾ പരിഗണിക്കുന്ന 21 അംഗ മോണിറ്ററിംഗ് കമ്മിറ്റിക്ക് ചേംബർ പരാതി കൈമാറി. തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് മൂന്നിന് കമ്മിറ്റി അടിയന്തരയോഗം ചേർന്ന് പരാതി പരിഗണിക്കും. ഷൈനിനെ മാറ്റിനിറുത്തുന്നത് ഉൾപ്പെടെ നടപടി ആലോചിക്കുമെന്ന് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് പറഞ്ഞു. പേര് സൂചിപ്പിച്ച് പരാതിയുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്ന് താര സംഘടനയായ അമ്മ അറിയിച്ചു. പൊലീസിന് പരാതി നൽകില്ലെന്ന് വിൻസി അറിയിച്ചു. പരാതി നൽകിയില്ലെങ്കിലും സ്വമേധയാ കേസെടുക്കാനാണ് സാദ്ധ്യത. പൊലീസും എക്‌സൈസും അന്വേഷണത്തിലേക്ക് കടന്നു. വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചു. ഡാൻസാഫ് സംഘമെത്തുന്ന വിവരം ചോർന്നെന്ന സംശയത്തിലാണ് പൊലീസ്. ഹോട്ടൽ ജീവനക്കാരെയും സംശയമുണ്ട്.

ഹാേട്ടലിൽ എത്തിയപ്പോഴാണ് ഷെെനുണ്ടെന്ന് അറിഞ്ഞത്

 ലഹരിയിടപാടുമായി ബന്ധമുള്ള ഒരാളെത്തേടിയാണ് ടൗൺ ഹാൾ മെട്രോ സ്റ്റേഷന് സമീപത്തെ ഹോട്ടലിൽ ഡാൻസാഫ് സംഘം ബുധനാഴ്‌ച രാത്രി 10.50ഓടെ എത്തിയത്. രജിസ്റ്റർ പരിശോധിച്ചപ്പോൾ ഷൈൻ ടോം ചാക്കോ താമസിക്കുന്നതായി അറിഞ്ഞു. വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുറിയിൽ കയറാൻ തീരുമാനിച്ചു. ഷൈൻ താമസിക്കുന്ന മൂന്നാം നിലയിലെ 314-ാം നമ്പർ മുറിയിലേക്ക് റിസപ്ഷനിൽ നിന്ന് സംഘം നീങ്ങുമ്പോഴാണ് ഷൈൻ മുങ്ങിയത്.

 മുറിയുടെ ജനലിലൂടെ രണ്ടാംനിലയിലെ ഷീറ്റിലേക്ക് ചാടി. അവിടെ നിന്ന് ഒന്നാംനിലയിലെ നീന്തൽക്കുളത്തിലേക്ക് ചാടി. പടിക്കെട്ടിലൂടെ ഓടി താഴത്തെ നിലയിലെത്തി എമർജൻസി എക്‌സിറ്റ് വഴി പുറത്തേക്ക് പാഞ്ഞു. റോഡിലെത്തി ഇരുചക്രവാഹനം കൈകാട്ടി നിറുത്തി കയറിപ്പോയെന്ന് പൊലീസ് പറഞ്ഞു.

 ഡാൻസാഫ് സംഘവും ഇന്നലെ രാവിലെ നോർത്ത് പൊലീസും മുറി വിശദമായി പരിശോധിച്ചെങ്കിലും ലഹരിവസ്‌തുക്കൾ കണ്ടെത്താനായില്ല. മുറിയിലുണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്‌തെങ്കിലും ലഹരിയുപയോഗവുമായി ബന്ധപ്പെട്ട വിവരം ലഭിച്ചിട്ടില്ല.

മോശമായി പെരുമാറിയത് എടപ്പാളിലെ ഷൂട്ടിംഗിൽ

എടപ്പാളിൽ നടന്ന ഷൂട്ടിംഗിനിടെ ലഹരിമരുന്ന് ഉപയോഗിച്ച ഷൈൻ മോശമായി പെരുമാറി. ലൈംഗികച്ചുവയോടെ സംസാരിച്ചു. മുറിയിൽ കയറിയപ്പോൾ വാതിലിൽ മുട്ടി. കൃഷ്ണമണി തുറിച്ചുനിൽക്കുന്നതും കണ്ടു. റിഹേഴ്സലിനിടെ നടന്റെ വായിൽ നിന്ന് വെളുത്ത നിറത്തിലുള്ള വസ്‌തു പുറത്തേക്ക് തെറിച്ചെന്നും പരാതിയിൽ പറയുന്നു.