റെക്കാഡ് പുതുക്കി സ്വർണ വില കുതിക്കുന്നു

Friday 18 April 2025 12:51 AM IST

തനിത്തങ്കത്തിന്റെ വില കിലോയ്ക്ക് ഒരു കോടി രൂപയിലെത്തി

കൊച്ചി: വ്യാപാര യുദ്ധത്തിനിടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ പ്രിയമേറിയതോടെ ഇന്ത്യയിൽ 24 കാരറ്റ് തനിത്തങ്കത്തിന്റെ വില ചരിത്രത്തിലാദ്യമായി കിലോയ്ക്ക് ഒരു കോടി രൂപയായി. പത്ത് ഗ്രാം തനിത്തങ്കത്തിന്റെ വില ഒരു ലക്ഷം രൂപയാണ്. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 3,341 ഡോളർ വരെ ഉയർന്നിരുന്നു. കേരളത്തിൽ സ്വർണ വില പവന് 840 രൂപ ഉയർന്ന് 71,360 രൂപയിലെത്തി. ഗ്രാമിന്റെ വില 105 രൂപ വർദ്ധിച്ച് 8920 രൂപയായി. ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വർണ വില കുറയാൻ സാദ്ധ്യതയില്ലെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്‌ദുൽ നാസർ പറയുന്നു. ഇപ്പോഴത്തെ ട്രെൻഡ് തുടർന്നാൽ രാജ്യാന്തര വില ഔൺസിന് 3,500 ഡോളർ കവിയാൻ ഇടയുണ്ട്.

പവൻ വില 71,360 രൂപയിൽ

അനിശ്ചിതത്വ കാലത്തെ സംരക്ഷണ മതിൽ

സാമ്പത്തിക അനിശ്ചിതത്വ കാലയളവിൽ നിക്ഷേപകർക്ക് മനസ് ഉറപ്പിച്ച് വിശ്വസിക്കാമെന്നതാണ് സ്വർണത്തിന്റെ ഏറ്റവും വലിയ ശക്തി. അതിനാൽ വൻകിട നിക്ഷേപകരും വിവിധ കേന്ദ്ര ബാങ്കുകളും സ്വർണ ശേഖരം വർദ്ധിപ്പിക്കുകയാണ്. അമേരിക്കൻ ഡോളറിലും കടപ്പത്രങ്ങളിലും വിശ്വാസം കുറഞ്ഞതോടെ വിദേശ നാണയ ശേഖരത്തിലും ഡോളറിന് പകരം സ്വർണം ഇടം നേടുന്നു.