രാഹുൽ മാങ്കൂട്ടത്തിലിന്റെ തലവെട്ടുമെന്ന് പറഞ്ഞിട്ടില്ല, പ്രശാന്ത് ശിവൻ

Friday 18 April 2025 12:20 AM IST

പാലക്കാട്: എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന്റെ തലവെട്ടുമെന്ന് പറഞ്ഞിട്ടില്ല. തല ആകാശത്ത് വെച്ച് നടക്കേണ്ടി വരുമെന്നാണ് പറഞ്ഞത്. അതൊരു ആലങ്കാരിക പ്രയോഗമാണെന്നും ബി.ജെ.പി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ. പാലക്കാട് കാലുകുത്താൻ അനുവദിക്കില്ലെന്നാണ് പറഞ്ഞത്, അതിനർത്ഥം കാലുവെട്ടുമെന്നല്ലെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.
നൈപുണ്യ വികസന കേന്ദ്രം തറക്കല്ലിടൽ ചടങ്ങ് കോൺഗ്രസ് അലങ്കോലപ്പെടുത്തി. പൊതുമുതൽ നശിപ്പിച്ചിട്ടും കോൺഗ്രസിനെതിരെയും രാഹുലിനെതിരെയും കേസെടുത്തിട്ടില്ല. പൊലീസിന്റെ തല തല്ലിപൊളിച്ചയാളെ എം.എൽ.എ രക്ഷപ്പെടുത്തിയിട്ടും കേസെടുത്തിട്ടില്ല. ഇരവാദം നടത്തുകയാണ്, ഇല്ലാത്ത കാര്യം പറഞ്ഞ എം.എൽ.എ മാപ്പ് പറയണമെന്നും പ്രശാന്ത് ശിവൻ പറഞ്ഞു. സന്ദീപ് വാര്യരുടെ കൊലക്കേസ് പ്രതിയെന്ന ആരോപണത്തോട് പ്രതികരിക്കാനില്ല. സന്ദീപ് പാർട്ടി വിട്ടില്ലെങ്കിൽ മറ്റ് ചില കാര്യങ്ങൾക്ക് പുറത്താകുമായിരുന്നു.

 'ബി.ജെ.പിക്കൊപ്പം അടച്ചിട്ടമുറിയിൽ ചായയും ബിസ്‌കറ്റും കഴിക്കാനില്ല'

ഹെഡ്‌ഗെവാറിന്റെ പേരിനെച്ചൊല്ലി പാലക്കാട് ബി.ജെ.പി -കോൺഗ്രസ് പോര് രൂക്ഷമാകുന്നതിനിടെ ബി.ജെ.പിക്കൊപ്പം ചർച്ചയ്ക്ക് തയ്യാറല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. ബി.ജെ.പിക്കൊപ്പം അടച്ചിട്ടമുറിയിൽ ചായയും ബിസ്‌കറ്റും കഴിക്കാനില്ല. ഇങ്ങനെയാണോ പൊലീസ് പ്രശ്നം പരിഹരിക്കേണ്ടത്. സർവകക്ഷി യോഗത്തിന് തയ്യാറാണ്. കൂടുതൽ പ്രശ്നം ഉണ്ടാവാതിരിക്കാൻ നിയമം നടപ്പാക്കുകയാണ് പൊലീസ് ചെയ്യേണ്ടതെന്നും പറഞ്ഞു.