പഠനനിലവാരമറിയാൻ രക്ഷിതാവ് ഇനി സ്കൂളിലെത്തേണ്ട

Friday 18 April 2025 1:27 AM IST

തിരുവനന്തപുരം: സ്കൂളിലെത്താതെ കുട്ടികളുടെ പഠനനിലവാരം അപ്പപ്പോൾ രക്ഷിതാവിനറിയാനുള്ള സംവിധാനവുമായി എസ്‌.സി.ഇ.ആർ.ടി. 'സഹിതം' പോർട്ടൽ വഴിയാണ് വിദ്യാർത്ഥികളുടെ സമഗ്രപുരോഗതിരേഖ അഥവാ ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ് ലഭ്യമാകുന്നത്. നിലവിൽ പി.ടി.എ മീറ്റിംഗുകളിലൂടെയാണ് രക്ഷിതാക്കൾക്ക് പഠന പുരോഗതി വിലയിരുത്താൻ സൗകര്യമുണ്ടായിരുന്നത്. പോർട്ടൽ വഴി കുട്ടികളുടെ നിലവാരം വിലയിരുത്തി ആവശ്യമായ തിരുത്തലുകൾ വരുത്താനും രക്ഷിതാക്കൾക്ക് സൗകര്യം ലഭിക്കും. പുതിയ സംവിധാനം ജൂൺ മുതലാണ് നടപ്പാക്കുന്നത്. ക്ലാസ് പരീക്ഷകളിലെ മാർക്കുകൾ,​ അസൈൻമെന്റ്,പ്രോജക്ട്,ഹാജർ വിവരങ്ങളും കലാ – കായിക മേഖലയിലെ നേട്ടങ്ങളും ഉൾപ്പെട്ടതാണ് ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ്. കൈറ്റാണ് സാങ്കേതിക വശങ്ങൾ കൈകാര്യം ചെയ്യുന്നത്. രക്ഷിതാക്കൾക്കു മാത്രമല്ല വിദ്യാർത്ഥികൾക്കും ഇതിൽ ലോഗിൻ ചെയ്യാം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി സ്‌കൂൾ വിദ്യാഭ്യാസം പരിപൂർണമായ ഡിജിറ്റലാകുന്നതിന്റെ ഭാഗമായാണിത്.