പെസഹ സ്മരണയിൽ ദേവാലയങ്ങൾ
പത്തനംതിട്ട: ക്രിസ്തു തന്റെ ശിഷ്യൻമാർക്കൊപ്പം ആചരിച്ച പെസഹയുടെ സ്മരണയിൽ ക്രൈസ്തവ ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷ നടന്നു. മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപതാദ്ധ്യക്ഷൻ ഡോ. തോമസ് മാർ കൂറിലോസിന്റെ കാർമ്മികത്വത്തിൽ ആലുംതുരുത്തി സെന്റ് മേരീസ് സുറിയാനി മലങ്കര കത്തോലിക്കാ പള്ളിയിൽ കാൽകഴുകൽ ശുശ്രുഷ നടന്നു. പത്തനംതിട്ട രൂപതാദ്ധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പൊലീത്ത പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ ദേവാലയത്തിലും പത്തനംതിട്ട രൂപതയുടെ പ്രഥമ അദ്ധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം റാന്നി പെരുനാട് മാമ്പാറ സെന്റ് മേരീസ് മലങ്കര തീർത്ഥാടന ദേവാലയത്തിലും കാൽകഴുകൽ ശുശ്രൂഷ നിർവഹിച്ചു. പരുമല സെമിനാരി ദേവാലയത്തിൽ ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനാധിപൻ ഡോ.ഏബ്രഹാം മാർ സെറാഫിം കാൽകഴുകൽ ശുശ്രൂഷ നിർവഹിച്ചു. ഇന്ന് ദുഃഖവെള്ളി ആചരിക്കും. . കുരിശിലേക്കുള്ള യാത്രയും പീഡാനുഭവ സ്മരണയും പുതുക്കി ദേവാലയങ്ങളിൽ പ്രത്യേകശുശ്രൂഷകൾ നടക്കും.പത്തനംതിട്ട നഗരത്തിൽ രാവിലെ ഏഴിന് സംയുക്ത കുരിശിന്റെ വഴി പത്തനംതിട്ട മേരിമാതാ ഫൊറോന ദേവാലയത്തിൽ നിന്നാരംഭിച്ച് സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ സമാപിക്കും. പത്തനംതിട്ട രൂപതാദ്ധ്യക്ഷൻ ഡോ.സാമുവേൽ മാർ ഐറേനിയോസ് നേതൃത്വം നൽകും. ജില്ലയിലെ മറ്റ് ദേവാലയങ്ങളിലും ചടങ്ങുകൾ നടക്കും.