ശ്രീനാഥ് ഭാസിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നിർമ്മാതാവ്, പുലർച്ചെ മൂന്നിന് ഫോണിൽ വിളിച്ചു കഞ്ചാവ് ആവശ്യപ്പെട്ടു
തൊടുപുഴ: നടൻ ശ്രീനാഥ്ഭാസി കഞ്ചാവ് ആവശ്യപ്പെട്ടെന്ന ഗുരുതര വെളിപ്പെടുത്തലുമായി നിർമ്മാതാവ്. നമുക്ക് കോടതിയിൽ കാണാം എന്ന സിനിമയുടെ നിർമ്മാതാവ് തൊടുപുഴ സ്വദേശി ഹസീബ് മലബാറിന്റേതാണ് ആരോപണം. സോഷ്യൽ മീഡിയ കുറിപ്പിലൂടെയും സ്വകാര്യ ചാനലിലും നിർമ്മാതാവ് വെളിപ്പെടുത്തുകയായിരുന്നു. കാരവാന് ലഹരി പിടിക്കാൻ കഴിവുണ്ടായിരുന്നുവെങ്കിൽ കേരളത്തിൽ ഏറ്റവും അപകടമുണ്ടാക്കുന്ന വണ്ടി ശ്രീനാഥ് ഭാസിയുടേതാകുമെന്നാണ് ഹസീബ് മലബാറിന്റെ വെളിപ്പെടുത്തൽ. ശ്രീനാഥിനെ കൊണ്ട് മടുത്തെന്നും നിർമ്മാതാവ് പറയുന്നു പുലർച്ചെ മൂന്നുമണിക്കും മറ്റും വിളിച്ച് കഞ്ചാവ് ആവശ്യപ്പെട്ടുവെന്നും കൂട്ടിച്ചേർത്തു. ലഹരി നൽകാത്തതിന് 58 ദിവസം സെറ്റിൽ നടൻ എത്തിയില്ല. ഡബിംഗുമായും സഹകരിച്ചില്ലെന്നും നിർമ്മാതാവ് പറഞ്ഞു. നടൻ സ്ഥിരമായി വരാത്തതിനാൽ ഷൂട്ടിംഗും ഡബ്ബിംഗുമെല്ലാം നീണ്ടു പോയെന്നും പറയുന്നു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് തുറന്നു പറയുന്നതെന്നും,സിനിമ ചിത്രീകരണം മുടങ്ങുമെന്നുകരുതിയാണ് പൊലീസിനെ അറിയിക്കാത്തതെന്നും ഹസീബ് പറഞ്ഞു. ശ്രീനാഥ് ഭാസി മുമ്പും ലഹരി വിവാദത്തിൽ കുടുങ്ങിയിരുന്നു. ഹൈബ്രിഡ് കഞ്ചാവുമായി കുടുങ്ങിയ തസ്ലീമയുടെ ഇടപാടുകാരുടെ കൂട്ടത്തിലും നടന്റെ പേരുൾപ്പെട്ടിരുന്നു .