കബളിപ്പിച്ചു, എരിതീയിലേക്ക് വീണ അവസ്ഥ: വിൻസി അലോഷ്യസ്

Friday 18 April 2025 1:44 AM IST

മലപ്പുറം: നടന്റെ പേരോ സിനിമയുടെ പേരോ പുറത്ത് പറയാൻ ഉദ്ദേശ്യമില്ലായിരുന്നെന്നും രഹസ്യമായി നൽകിയ പരാതി ഫിലിം ചേംബർ സെക്രട്ടറി സജി നന്ത്യാട്ട് പുറത്ത് വിട്ടെന്നാണ് അറിയാൻ സാധിച്ചതെന്നും നടി വിൻസി അലോഷ്യസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

നടന്റെ പേരും സിനിമയുടെ പേരും പുറത്ത് പറയരുതെന്ന് പരാതിയിൽ പറഞ്ഞിരുന്നു. സജി നന്ത്യാട്ടിന്റെ വ്യക്തിപരമായ ആവശ്യത്തിനായി പരാതി ഉപയോഗിച്ചുവെന്ന് തോന്നുന്നു. കബളിപ്പിക്കുകയാണ് ചെയ്തത്. അമ്മയ്ക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പരാതി നൽകിയിട്ടുണ്ട്. ഫിലിം ചേംബറിന് നൽകിയ പരാതി പിൻവലിക്കാൻ തയ്യാറാണ്. പേര് പുറത്ത് പറയുമെന്ന് എന്നോടെങ്കിലും പറയണമായിരുന്നു. പരാതിയുടെ രഹസ്യസ്വഭാവം സൂക്ഷിക്കാൻ ഫിലിം ചേംബറിന് സാധിച്ചില്ല. സിനിമയിലെത്തിയിട്ട് അഞ്ച് വർഷം മാത്രമുള്ള എന്റെ ബോധംപോലും പുറത്ത് വിട്ടവർക്ക് ഉണ്ടായില്ല. ആ ബോധമില്ലായ്മയുടെ കൈയിലാണല്ലോ പരാതി സമർപ്പിച്ചതെന്ന കുറ്റബോധമാണ് ഇപ്പോഴുള്ളത്. വളരെ മോശമായിപ്പോയി. ഞാനും സിനിമാ കുടുംബത്തിലെ അംഗമല്ലേ? പേര് പുറത്ത് പറയില്ല എന്ന് പറഞ്ഞയാളാണ് സജി നന്ത്യാട്ട്. വറചട്ടിയിൽ നിന്നും എരിതീയിലേക്ക് വീണ അവസ്ഥയിലാണിപ്പോൾ. ഒരാളുടെ മോശം പെരുമാറ്റം കാരണം ഒരു സിനിമ മുഴുവൻ അതിന്റെ പ്രശ്നങ്ങൾ അനുഭവിക്കരുതെന്നും അദ്ദേഹം അഭിനയിച്ച് പുറത്തിറങ്ങാനുള്ള സിനിമകളുടെ വിജയ പരാജയങ്ങളെ ബാധിക്കരുതെന്നും കരുതിയാണ് പേര് വെളിപ്പെടുത്താതിരുന്നത്. നിയമ നടപടികളുമായി മുന്നോട്ട് പോകുന്നില്ല. ഈ സിനിമയ്ക്കും ഇന്റേണൽ കമ്മിറ്റി ഉണ്ടായിരുന്നു. സിനിമാ സെറ്റിൽ അത് സംഭവിച്ചപ്പോൾ കമ്മിറ്റി അംഗം പരാതിയുണ്ടോ എന്ന് ചോദിച്ചിരുന്നു. ഷൂട്ടിംഗ് അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്ന സമയമായതിനാലാണ് അന്ന് പരാതി നൽകാതിരുന്നത്. ആ സിനിമയിലുള്ള മറ്റുള്ളവരെല്ലാം നല്ല രീതിയിലാണ് പെരുമാറിയത്. ഞാൻ പരാതിപ്പെട്ടപ്പോൾ സംവിധായകൻ അദ്ദേഹത്തെ താക്കീത് ചെയ്തതാണ്. എന്റെ കൂടെ അഭിനയിച്ച മറ്റൊരു പെൺകുട്ടിയാണ് അദ്ദേഹത്തിന്റെ മോശം പെരുമാറ്റത്താൽ കൂടുതൽ ബുദ്ധിമുട്ടിയത്. അവർ അത്രയും വിഷമിച്ചാണ് സെറ്റിൽ നിന്ന് മടങ്ങിയത്. അദ്ദേഹം മോശമായി സംസാരിച്ചപ്പോൾ തന്നെ ഞാൻ മറുപടി നൽകിയിരുന്നു. പുതുമുഖമായി എത്തുന്ന നടിമാർക്ക് അങ്ങനെ പറയാനുള്ള ധൈര്യമുണ്ടാകില്ല. സിനിമയിലുണ്ടായ പ്രശ്നം അതിനുള്ളിൽ തന്നെ തീർക്കാനാണ് ആഗ്രഹം. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം അഭിനയിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നു. ഞാൻ പരാതിയിൽ പരാമർശിക്കുന്ന വ്യക്തിയുടെ സ്വഭാവം മാറിയാൽ അയാൾക്കൊപ്പം വീണ്ടും അഭിനയിച്ചേക്കാമെന്ന് വിൻസി പറഞ്ഞു.