പാട്ടിന്റെ മാന്ത്രികൻ എസ്.പി.ബിക്ക് പാലക്കാട്ട് ഉയരും വെങ്കലപ്രതിമ

Friday 18 April 2025 12:45 AM IST

യേശുദാസിന്റെ നേതൃത്വത്തിൽ ഗായകസംഘടനയുടെ സമർപ്പണം

പാലക്കാട്: ഇതിഹാസ ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യത്തിന് പാലക്കാടിന്റെ മണ്ണിൽ പൂർണകായ വെങ്കല പ്രതിമ ഒരുങ്ങുന്നു.

രാജ്യത്ത് ആദ്യമായി പാലക്കാട്ടെ രാപ്പാടിയിലാണ് എസ്.പി.ബിയുടെ പൂർണകായ വെങ്കല പ്രതിമ സ്ഥാപിതമാകുന്നത്. ഗാനഗന്ധർവൻ യേശുദാസ് നേതൃത്വം നൽകുന്ന മലയാള ചലച്ചിത്ര പിന്നണിഗായകരുടെ സംഘടനയായ 'സമം' (സിംഗേഴ്സ് അസോസിയേഷൻ ഒഫ് മലയാളം മൂവീസ്) ആണ് ഇതു സാധ്യമാക്കുന്നത്. പയ്യന്നൂരിലെ കാനായിയിൽ ശില്പി ഉണ്ണി കാനായിയുടെ നേതൃത്വത്തിൽ നിർമ്മാണം പുരോഗമിക്കുന്നു. സ്വതസിദ്ധമായ പുഞ്ചിരിയോടെ കൈകൂപ്പി നിൽക്കുന്ന പ്രതിമയ്ക്ക് പത്തടിയാണ് ഉയരം. ഒരു ടൺ ഭാരമുണ്ടാകും കളിമണ്ണുരൂപം പൂർത്തിയായി. മെഴുക് പൊതിഞ്ഞ് വെങ്കലത്തിലുള്ള രൂപമാറ്റമാണ് ബാക്കി. 25 ലക്ഷം രൂപയാണ് ചെലവ്. നിർമ്മാണ ഉദ്ഘാടനം കഴിഞ്ഞ മാസം പാലക്കാട് ജില്ലാ കളക്ടർ ജി.പ്രിയങ്ക നിർവഹിച്ചു.

അടുത്തമാസം അവസാനം മെഗാ സംഗീതനിശയോടെ ലോകമെമ്പാടുമുള്ള എസ്.പി.ബി ആരാധകർക്കായി പാലക്കാട് നഗരഹൃദയത്തിൽ സ്ഥാപിക്കും.

എസ്.പി.ബി മാതാപിതാക്കളായ എസ്.പി.സാംബമൂർത്തി, ശകുന്തളമ്മ എന്നിവരുടെ ശിൽപ്പങ്ങൾ പ്രശസ്ത ശില്പി രാജ്കുമാർ വുഡയാറിനെക്കൊണ്ട് പണി കഴിപ്പിച്ചിരുന്നു. ശിൽപ്പം ഇഷ്ടപ്പെട്ടതോടെ തന്റെ സ്വന്തം ശില്പം ഉണ്ടാക്കാനും താൽപ്പര്യം പ്രകടിപ്പിച്ചു. പക്ഷെ, കൊവിഡ് വ്യാപനം അത് മുടക്കി. ലോക്ക്ഡൗൺ വന്നതോടെ നേരിൽച്ചെന്ന് അളവുകൾ നൽകാൻ സാധിച്ചില്ല. പകരം ഫേട്ടോകൾ അയയ്ക്കുകയാണ് ചെയ്തത്. ശില്പം പൂർത്തിയാവുംമുമ്പേ, 2020 സെപ്തംബർ 25ന് എസ്.പി.ബി വിടവാങ്ങി.

തെന്നിന്ത്യയിലെ സംഗീതാസ്വാദകരുടെ ഹൃദയത്തിലാണ് എസ്..പി.ബി. തമിഴ്-മലയാളം സംസ്‌കാരം ഇടകലർന്ന ജില്ലയായ പാലക്കാട് തന്നെ പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചത് അതുകൊണ്ടാണ്. സുദീപ് കുമാർ, പിന്നണി ഗായകൻ, സമം പ്രസിഡന്റ്.

എഴുത്തച്ഛന്റെ ശില്പി 2005 ൽ തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്റെ ശില്പം ശിലയിൽ തീർത്ത് അരങ്ങേറ്റം കുറിച്ചു ഉണ്ണി കാനായി കേരളത്തിലങ്ങോളമിങ്ങോളം 62 ഗാന്ധിശില്പങ്ങളടക്കം ആയിരത്തിലധികം ശില്പങ്ങൾ നിർമ്മിച്ചിട്ടുണ്ട്. തളിപ്പറമ്പ് രാജരാജേശ്വരീ ക്ഷേത്രത്തിനായി ഉണ്ണി നിർമ്മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ശിവ വെങ്കല ശില്പം പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകാതെ അനാച്ഛാദനം ചെയ്യും.കേരള ക്ഷേത്രകലാ അക്കാഡമിയുടെ ശില്പകലാ പുരസ്‌കാരവും മറ്റു നിരവധി പുരസ്‌കാരങ്ങളും ഈ ചുരുങ്ങിയ കാലയളവിൽ തന്നെ കരസ്ഥമാക്കിയിട്ടുണ്ട്. ഉണ്ണി കനായിയുടെ 108 മത് ശില്പമാണ് എസ്.പി.ബിയുടെത്.