ബി.എസ്.എൻ.എൽ ഡിജിറ്റൽ ടിവി ഉടൻ
തിരുവനന്തപുരം: ജിയോ ടിവി മാതൃകയിൽ ബി.എസ്.എൻ.എല്ലിന്റെ ഐ.എഫ്.ടിവി (ഇൻട്രാനെറ്റ് ഫൈബർ ടിവി) സേവനം കേരളത്തിലും ഇൗ മാസം ലഭ്യമാക്കും. 23 മലയാളം ചാനലുകൾ ഉൾപ്പെടെ 400ലേറെ ചാനലുകൾ തുടക്കത്തിൽ ലഭിക്കും. പാക്കേജുകൾ ഉടൻ പ്രഖ്യാപിക്കും.
ഇന്ത്യയിലെ പ്രമുഖ ഐ.പി.ടിവി കമ്പനിയായ സ്‌കൈപ്രോയുമായി സഹകരിച്ചാണിത്.
കഴിഞ്ഞവർഷം അവസാനം തമിഴ്നാട്, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ സേവനം വിജയമായതോടെയാണ് കേരളത്തിലും നടപ്പാക്കുന്നത്.
ഇപ്പോൾ ആൻഡ്രോയ്ഡ് ടിവിയിൽ മാത്രം പ്രവർത്തിക്കുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ടാബ്‌ലെറ്റ്, മൊബൈൽ ഫോൺ, ലാപ്ടോപ്, ഡെസ്ക്ടോപ്പ് തുടങ്ങിയവയിലും ലഭിക്കും. സെറ്റ്‌ടോപ് ബോക്സ് പോലുള്ളവ സ്ഥാപിക്കാതെ തന്നെ ഇതിന്റെ സേവനം ലഭിക്കും.
വീഡിയോ ഓൺ ഡിമാൻഡ്, പേ ടിവി സേവനങ്ങളുമുണ്ടാകും.
ഇന്റർനെറ്റ് കണക്ഷൻ പ്രശ്നം നേരിട്ടാലും ടിവി ചാനലുകളുടെ സ്ട്രീമിംഗിനെ ബാധിക്കില്ല. ഇന്റർനെറ്റ് വേഗത്തിലെ ഏറ്റക്കുറച്ചിലുകൾ ബാധിക്കാതെ ഉയർന്ന നിലവാരത്തിലുള്ള സ്ട്രീമിംഗും ഉറപ്പാക്കും. സംസ്ഥാനത്ത് ഒരു കോടി ഉപഭോക്താക്കളാണ് ബി.എസ്.എൻ.എല്ലിനുള്ളത്.
ഒ.ടി.ടി സേവനം
ലഭ്യമാക്കാനും ശ്രമം
രാജ്യത്തെ പ്രമുഖ ഒ.ടി.ടി സേവനദാതാക്കളുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്നതിന് ബി.എസ്.എൻ.എൽ ശ്രമിച്ചുവരികയാണ്. ഇത്തരത്തിൽ ആമസോൺ പ്രൈം, ഡിസ്നി+ഹോട്ട്സ്റ്റാർ, നെറ്റ്ഫ്ളിക്സ്, യൂട്യൂബ്, സീ5 എന്നീ കമ്പനികളുമായി സഹകരണം ഉണ്ടായേക്കും. ഗെയിമിംഗ് ഓപ്ഷനുകളും പിന്നാലെ ലഭ്യമാക്കും.