കേരള യൂണി. എൽഎൽ.ബി ഉത്തരക്കടലാസുകൾ തിരിച്ചു കിട്ടി

Friday 18 April 2025 1:49 AM IST

തിരുവനന്തപുരം:കേരള സർവകലാശാലയുടെ എൽഎൽ.ബി പരീക്ഷയുടെ 160 ഉത്തരക്കടലാസുകൾ തിരിച്ചു കിട്ടി. ഡിവൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള സംഘം തമിഴ്‌നാട്ടിലെ തിരുനെൽവേലി പൊലീസ് സ്‌റ്റേഷനിൽ എത്തിയാണ് ഉത്തരക്കടലാസുകൾ തിരിച്ചുവാങ്ങിയത്.ഉത്തരക്കടലാസുകളുടെ ബണ്ടിൽ പൊട്ടിച്ചിരുന്നില്ല.മൂല്യനിർണയത്തിന്റെ പ്രതിഫലം ലഭിക്കാത്തതിനാൽ തമിഴ്നാട്ടിലെ അദ്ധ്യാപിക തിരികെ നൽകാതിരുന്ന ഉത്തരക്കടലാസുകളാണ് തിരികെ കിട്ടിയത്. ഉത്തര കടലാസുകൾ കിട്ടാതായതോടെ കേരള സർവകലാശാല തിരുനെൽവേലിയിലെയും തിരുവനന്തപുരം കന്റോൺമെന്റിലെയും പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിരുന്നു . സ്റ്റേഷനിൽ വച്ച് അദ്ധ്യാപികയെ കാണാൻ സൗകര്യമൊരുക്കാമെന്ന് തിരുനെൽവേലി പൊലീസ് അറിയിച്ചതിനെത്തുടർന്നാണ് സർവകലാശാലയിലെ സംഘം ഇന്നലെ തിരുനെൽവേലിയിൽ എത്തിയത്. ത്രിവത്സര, പഞ്ചവത്സര എൽഎൽ.ബിയുടെ വിവിധ സെമസ്റ്ററുകളിലെ ഉത്തരക്കടലാസുകളാണ് കിട്ടിയത്.