ഐ ലീഗ് കിരീടം : ഇന്ന് വീണ്ടും ഹിയറിംഗ്

Thursday 17 April 2025 11:51 PM IST

ന്യൂഡൽഹി : ഐ ലീഗ് ഫുട്ബാൾ മത്സരങ്ങൾക്ക് തിരിശീല വീണിട്ടും കിരീടവിജയിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുവാൻ കഴിയാത്ത ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ ഇന്റർ കാശി ക്ലബ് നൽകിയ അപ്പീലിൽ ഇന്ന് വീണ്ടും ഹിയറിംഗ് നടത്തും.ജനുവരിയിൽ നാംധാരി എഫ്.സി തങ്ങൾക്ക് എതിരായി അയോഗ്യനാക്കപ്പെട്ടിരുന്നു കളിക്കാരനെ ഇറക്കിയെന്ന ഇന്റർ കാശിയുടെ അപ്പീലിലാണ് ഹിയറിംഗ്. ‌ഈ മത്സരത്തിൽ ഇന്റർ കാശിയെ വിജയികളായി പ്രഖ്യാപിച്ച് മൂന്ന് പോയിന്റ് നൽകിയെങ്കിലും പിന്നീട് ആ തീരുമാനം റദ്ദാക്കിയിരുന്നു. അതിനെതിരായാണ് ഇന്റർ കാശിയു‌ടെ അപ്പീൽ. ഈമാസം 12ന് ഹിയറിംഗ് നടത്തിയെങ്കിലും തീരുമാനത്തിലെത്താനായിരുന്നില്ല.

ലീഗിലെ എല്ലാ ടീമുകളും 22 മത്സരങ്ങൾ വീതം പൂർത്തിയാക്കിയപ്പോൾ പോയിന്റ് നിലയിൽ ഒന്നാമതെത്തിയത് ഗോവൻ ക്ളബ് ചർച്ചിൽ ബ്രദേഴ്സാണ്. ഇന്റർ കാശി രണ്ടാം സ്ഥാനത്തും. മൂന്ന് പോയിന്റ് കൂടി ലഭിച്ചാൽ ഇന്റർ കാശി ഒന്നാമതെത്തും. അതിനാലാണ് കിരീടപ്രഖ്യാപനം വൈകുന്നത്.

അതേസമയം തങ്ങൾക്കെതിരെയുള്ള മത്സരങ്ങളിൽ ഇന്റർ കാശിയും യോഗ്യതയില്ലാത്ത കളിക്കാരെ ഇറക്കിയിട്ടുണ്ടെന്ന ആരോണവുമായി നാംധാരി എഫ്.സി, റയൽ കാശ്മീർ,ചർച്ചിൽ ബ്രദേഴ്സ്, ഡൽഹി എഫ്.സി ക്ളബുകൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ തങ്ങൾക്ക് കിരീടം നൽകിയില്ലെങ്കിൽ സൂപ്പർ കപ്പ് ബഹിഷ്കരിക്കുമെന്ന് ചർച്ചിൽ ബ്രദേഴ്സ് ഭീഷണി ഉയർത്തിയിട്ടുണ്ട്.