തന്ത്രങ്ങൾ പാളി, രാജസ്ഥാൻ ചൂളി

Thursday 17 April 2025 11:56 PM IST

ഈ സീസണിലെ ആദ്യ സൂപ്പർ ഓവർ മത്സരത്തിൽ സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് ഡൽഹിയോട് തോറ്റത് തന്ത്രങ്ങളിലെ പിഴവുകൾ മൂലം. 189 റൺസ് ലക്ഷ്യവുമായിറങ്ങിയ രാജസ്ഥാൻ, നായകൻ സഞ്ജു സാംസണിന് ബാറ്റിംഗിനിടെ പരിക്കേറ്റതുമുതൽ ബാക്ക്ഫുട്ടിലായിരുന്നു. സൂപ്പർ ഓവറിൽ ബാറ്റിംഗിനും ബൗളിംഗിനുമുള്ള കളിക്കാരെ തിരഞ്ഞെടുത്തതിലും പിഴച്ചു. ഇതോടെ സീസണിലെ അഞ്ചാമത്തെ തോൽവിയും ഏറ്റുവാങ്ങേണ്ടിവന്നു.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഡൽഹി അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 188 റൺസ് നേടി. രാജസ്ഥാന്റെ മറുപടി 188/4ൽ അവസാനിച്ചതോടെയാണ് സൂപ്പർ ഓവർ വേണ്ടിവന്നത്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് അഞ്ച് ബാളിൽ 11 റൺസ് നേടുന്നതിനിടെ രണ്ട് ബാറ്റർമാരും പുറത്തായി . 12 റൺസ് ലക്ഷ്യവുമായിറങ്ങിയ ഡൽഹിക്ക് വേണ്ടി ട്രിസ്റ്റൺ സ്റ്റബ്സ് നാലാം പന്തിൽ സിക്സ് പറത്തി ലക്ഷ്യത്തിലെത്തി.

തെറ്റിപ്പോയ തീരുമാനങ്ങൾ

1. രാജസ്ഥാന് ചേസ് ചെയ്ത് നേടാനാവുന്ന സ്കോറായിരുന്നു 189. ജയിക്കാൻ ഒൻപത് റൺസ് മതിയായിരുന്ന അവസാന ഓവറിൽ ഹെറ്റ്മേയർ മിച്ചൽ സ്റ്റാർക്കിനെതിരെ വമ്പൻ ഷോട്ടുകൾക്ക് ശ്രമിക്കാതെ ഡബിളുകൾ ഓടിയതോടെതാണ് മത്സരം ടൈറ്റായത്.

2. സൂപ്പർ ഓവറിൽ ആദ്യ ബാറ്റിംഗ് ലഭിച്ചപ്പോൾ ബാറ്റിംഗിന് വിട്ടത് ഇതേ ഹെറ്റ്മേയറെയും റയാൻ പരാഗിനെയുമാണ്. അർദ്ധ സെഞ്ച്വറികൾ നേടിയിരുന്ന യശസ്വി ജയ്സ്വാളോ നിതീഷ് റാണയോ വരുമെന്നാണ് തങ്ങൾപോലും പ്രതീക്ഷിച്ചിരുന്നതെന്നാണ് പിന്നീട് മിച്ചൽ സ്റ്റാർക്ക് തന്നെ പറഞ്ഞത്. 3.സ്റ്റാർക്ക് എറിഞ്ഞ സൂപ്പർ ഒാവറിലും ഹെറ്റ്മേയർ യോർക്കറുകളിൽ സിംഗിൾസിനാണ് ശ്രമിച്ചത്. പരാഗും പകരമിറങ്ങിയ യശസ്വിയും റൺഔട്ടായതോടെ അഞ്ചുപന്തുകളിൽ രാജസ്ഥാന്റെ സൂപ്പർ ഓവർ കഴിഞ്ഞു.

4. 11 റൺസ് പ്രതിരോധിക്കാൻ സന്ദീപ് ശർമ്മയ്ക്ക് പന്തുനൽകിയ രാജസ്ഥാന്റെ അടുത്ത തീരുമാനമായിരുന്നു മറ്റൊരു മണ്ടത്തരം. നേരത്തേ ഡൽഹി ഇന്നിംഗ്സിലെ അവസാന ഓവറിൽ നാലുവൈഡും ഒരു നോബാളും ഉൾപ്പടെ 11 പന്തുകൾ എറിഞ്ഞതിന്റെ ആഘാതത്തിലായിരുന്നു സന്ദീപ്.

5. തനിക്കായിരിക്കും സൂപ്പർ ഓവർ എന്ന് പ്രതീക്ഷിച്ച് പന്തെടുത്ത് വാം അപ്പ് ചെയ്ത ജൊഫ്ര ആർച്ചറെ മാറ്റിയാണ് രാജസ്ഥാൻ സന്ദീപിനെ ബൗൾ ചെയ്യിച്ചത്.

സഞ്ജു നാളെ കളിച്ചേക്കും

വാരിയെല്ലിന് പരിക്കേറ്റതിനെത്തുടർന്ന് ഡൽഹിക്ക് എതിരെ റിട്ടയേഡ് ഹർട്ടായ സഞ്ജു സാംസൺ നാളെ ലക്നൗവിന് എതിരായ മത്സരത്തിൽ കളിച്ചേക്കും. പരിക്ക് അത്ര ഗുരുതരമല്ല എന്നാണ് രാജസ്ഥാൻ ടീം വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.

31 റൺസിലെത്തിയപ്പോഴാണ് സഞ്ജുവിന് റിട്ടയേഡ് ഹർട്ടാകേണ്ടിവന്നത്. ഫിസിയോ തെറാപ്പിസ്റ്റിന്റെ സഹായം തേടിയശേഷം ഡ്രെസിംഗ് റൂമിൽ വിശ്രമിക്കുകയായിരുന്ന നായകൻ സൂപ്പർ ഓവറിന്റെ സമയത്ത് ടീമിനൊപ്പമെത്തിയെങ്കിലും കളിക്കാൻ ഇറങ്ങിയില്ല. ധ്രുവ് ജുറേലാണ് സൂപ്പർ ഓവറിൽ വിക്കറ്റ് കീപ്പ് ചെയ്തത്. കൈവിരലിലെ പരിക്ക് മൂലം ഈ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ കീപ്പിംഗിൽ നിന്ന് വിട്ടുനിന്നിരുന്ന സഞ്ജു ഇംപാക്ട് സബ്ബായാണ് കളിച്ചത്.

ഡൽഹിയുടെ വിപ്രജ് നിഗം എറിഞ്ഞ ആറാം ഓവറിലാണ് സംഭവം. മൂന്നാം പന്തിൽ ഷോട്ടിനായുള്ള ശ്രമം പിഴച്ചു. പിന്നാലെ ഇടതു വാരിയെല്ലിന്റെ ഭാഗത്ത് കടുത്ത വേദന അനുഭവപ്പെട്ടു. ടീം ഫിസിയോ ഉടനെത്തി പരിശോധിച്ച് വേദന സംഹാരി നൽകിയെങ്കിലും ഫലമുണ്ടായില്ല. തൊട്ടടുത്ത പന്ത് നേരിട്ടപ്പോഴും വേദന ആവർത്തിച്ചതോടെ ക്രീസ് വിടുകയായിരുന്നു. 19 പന്തിൽ മൂന്ന് സിക്‌സും രണ്ട് ഫോറുമടക്കം സഞ്ജു പറത്തിയിരുന്നു.

ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു താരം റിട്ടയേഡ് ഹർട്ടായി മടങ്ങുന്നത്. ലീഗിൽ ക്രുനാൽ പാണ്ഡ്യയ്ക്ക് ശേഷം റിട്ടയേഡ് ഹർട്ടായി മടങ്ങുന്ന ആദ്യ ക്യാപ്ടനുമാണ്.