റിയലി സോറി,റയൽ... ആഴ്സനലാണ് അടിപൊളി
ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിലും റയലിനെ
തോൽപ്പിച്ച് ആഴ്സനൽ ചാമ്പ്യൻസ് ലീഗ് സെമിയിൽ
ബയേൺ മ്യൂണിക്കിനെ മറികടന്ന് ഇന്റർ മിലാനും സെമിയിൽ
ക്വാർട്ടർ ഫൈനൽ മത്സരഫലങ്ങൾ
ആദ്യ പാദം
ആഴ്സനൽ 3- റയൽ മാഡ്രിഡ് 0
ബയേൺ മ്യൂണിക്ക് 1- ഇന്റർ മിലാൻ 2
രണ്ടാം പാദം
റയൽ മാഡ്രിഡ് 1 - ആഴ്സനൽ 2
ഇന്റർ മിലാൻ 2- ബയേൺ മ്യൂണിക്ക് 2
ആകെ ഗോൾ മാർജിൻ
ആഴ്സനൽ 5- റയൽ മാഡ്രിഡ് 1
ഇന്റർ മിലാൻ 4- ബയേൺ മ്യൂണിക്ക് 3
സെമി ഫിക്സ്ചർ
ആഴ്സനൽ Vs പി.എസ്.ജി
ആദ്യ പാദം : ഏപ്രിൽ 30
രണ്ടാം പാദം : മേയ് 8
ബാഴ്സലോണ Vs ഇന്റർ മിലാൻ
ആദ്യ പാദം : മേയ് 1
രണ്ടാം പാദം : മേയ് 7
ചാമ്പ്യൻസ് ലീഗ് ഫൈനൽ ജൂൺ ഒന്നിന് മ്യൂണിക്കിൽ
മാഡ്രിഡ് : ഇരുപാദങ്ങളിലായി നടന്ന ക്വാർട്ടർ ഫൈനലുകളിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനെ തകർത്ത് തരിപ്പണമാക്കി ഇംഗ്ളീഷ് ക്ളബ് ആഴ്സനൽ ഒന്നരപ്പതിറ്റാണ്ടിന് ശേഷം യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമിയിലെത്തി. സ്വന്തം തട്ടകത്തിൽ നടന്ന ആദ്യ പാദത്തിൽ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് റയലിനെ നിശബ്ദരാക്കിയിരുന്ന ആഴ്സനൽ കഴിഞ്ഞരാത്രി നടന്ന രണ്ടാം പാദത്തിൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് വീണ്ടും വിജയിച്ചാണ് നിലവിലെ ചാമ്പ്യന്മാരെ തുരത്തിയത്. മറ്റൊരു രണ്ടാം പാദ ക്വാർട്ടർ ഫൈനലിൽ ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്കിനെതിരെ 2-2ന് സമനിലയിൽ പിരിഞ്ഞെങ്കിലും ആദ്യ പാദത്തിലെ 2-1ന്റെ വിജയമികവിൽ 4-3 എന്ന ആകെ ഗോൾമാർജിനിൽ ഇറ്റാലിയൻ ക്ളബ് ഇന്റർ മിലാൻ സെമിയിൽ ഇടം പിടിച്ചു.
ഡെക്ളാൻ റൈസിന്റെ ഇരട്ട ഫ്രീകിക്ക് ഗോളിന്റേയും മൈക്കേൽ മെറീനോയുടേയും ഗോളിന്റേയും മികവിലാണ് ആദ്യ പാദത്തിൽ ആഴ്സനൽ ജയിച്ചിരുന്നത്. രണ്ടാം പാദത്തിൽ സ്വന്തം തട്ടകത്തിൽ ഇതിനേക്കാൾ മികച്ച മാർജിനിലെ വിജയം തേടിയിറങ്ങിയ റയൽ അതിനായി പലവുരു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആദ്യ പകുതിയിൽ ഇരുടീമുകളും സ്കോർ ബോർഡ് തുറക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു.13-ാം മിനിട്ടിൽ വാറിലൂടെ ലഭിച്ച പെനാൽറ്റി ആഴ്സനൽ താരം ബുക്കായോ സാക്ക മിസാക്കിയിരുന്നു. 23-ാം മിനിട്ടിൽ എംബാപ്പെയെ റൈസ് വലിച്ചിട്ടതിന് റഫറി പെനാൽറ്റി വിധിച്ചെങ്കിലും വാർ പരിശോധനയിൽ അത് റദ്ദാക്കി.
65-ാം മിനിട്ടിൽ ബുക്കായോ സാക്കയിലൂടെ ആഴ്സനൽ ഗോൾ നേടിയപ്പോൾ ഒന്നുപതറിയെങ്കിലും രണ്ടുമിനിട്ടിനകം വിനീഷ്യസ് ജൂനിയറിലൂടെ തിരിച്ചടിച്ച് റയൽ സമനില പിടിച്ചു. എന്നാൽ സെമിയിലെത്താൻ അതൊന്നും മതിയാകുമായിരുന്നില്ല. സാന്റിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിൽ അതിഗംഭീര തിരിച്ചുവരവുകൾ നടത്തിയ ചരിത്രമുള്ള റയൽ മൂന്നുഗോളുകൾകൂടി നേടി ഒപ്പമെത്തി ഷൂട്ടൗട്ടിലേക്കെങ്കിലും കടക്കുമെന്ന ആരാധകസ്വപ്നങ്ങൾ തല്ലിക്കെടുത്തി ഇൻജുറി ടൈമിന്റെ മൂന്നാം മിനിട്ടിൽ ഗബ്രിയേൽ മാർട്ടിനെല്ലിയിലൂടെ ആഴ്സനൽ തങ്ങളുടെ രണ്ടാം ഗോളും വിജയവും നേടിയെടുത്തു.
3
ഇത് മൂന്നാം തവണയാണ് ആഴ്സനൽ ചാമ്പ്യൻസ് ലീഗിന്റെ സെമിയിലെത്തുന്നത്. 2005-06 സീസണിലാണ് ആദ്യമായി സെമിയിലെത്തിയത്.
2008-09
സീസണിലാണ് ഇതിന് മുമ്പ് ആഴ്സനൽ ചാമ്പ്യൻസ് ലീഗ് സെമിയിലെത്തിയത്.
16
വർഷത്തിന് ശേഷമാണ് ആഴ്സനലിന് വീണ്ടും ചാമ്പ്യൻസ് ലീഗ് സെമിയിലെത്താൻ കഴിഞ്ഞത്.
2020
ന് ശേഷം ആദ്യമായാണ് റയൽ ചാമ്പ്യൻസ് ലീഗ് സെമിയിലെത്താതിരിക്കുന്നത്.
ചാമ്പ്യൻസ് ലീഗിൽ ഇതുവരെ റയൽ മാഡ്രിഡിനോട് തോറ്റിട്ടില്ലാത്ത ക്ളബാണ് ആഴ്സനൽ. ഇതുവരെ കളിച്ച നാലുകളികളിൽ മൂന്നിലും ആഴ്സനൽ ജയിച്ചു. ഒന്ന് സമനിലയിലായി. 2005-06 സീസണിലെ പ്രീ ക്വാർട്ടറിലാണ് ഇതിനുമുമ്പ് ഏറ്റുമുട്ടിയത്. അന്ന് ആദ്യ പാദത്തിൽ ആഴ്സനൽ 1-0ത്തിന് ജയിച്ചു. രണ്ടാം പാദത്തിൽ ഗോൾരഹിത സമനില.
ബയേണിന്റെ എൻട്രൻസ്
തടഞ്ഞ് ഇന്റർ മിലാൻ
ഇക്കുറി ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ തങ്ങളുടെ തട്ടകമായ മ്യൂണിക്കിലെ അലിയൻസ് അരീനയിൽ നടക്കുമ്പോൾ ബയേൺ മ്യൂണിക്കിന് കാഴ്ചക്കാരായിരിക്കാം. ആദ്യ പാദത്തിൽ മ്യൂണിക്കിലെത്തി 2-1ന് ജയിച്ചിരുന്ന ഇറ്റാലിയൻ ക്ളബ് ഇന്റർ മിലാൻ രണ്ടാം പാദത്തിൽ സ്വന്തം ഗ്രൗണ്ടിൽ 2-2ന് സമനിലയിലെത്തി ബയേണിന്റെ സെമി എൻട്രൻസ് തടയുകയായിരുന്നു.
മിലാനിലെ സാൻസിറോയിൽ നടന്ന രണ്ടാം പാദത്തിന്റെ ആദ്യപകുതി ഗോൾ രഹിതമായിരുന്നു. 52-ാം മിനിട്ടിൽ ഹാരി കേനിലൂടെ ബയേണാണ് അക്കൗണ്ട് തുറന്നത്. 58-ാം മിനിട്ടിൽ ലൗതാരോ മാർട്ടിനെസിലൂടെ ഇന്റർ സമനില പിടിച്ചു. 61-ാം മിനിട്ടിൽ ബെഞ്ചമിൻ പവാർഡിലൂടെ ഇന്റർ മുന്നിലുമെത്തി. 76-ാം മിനിട്ടിൽ എറിക് ഡയറാണ് കളി സമനിലയിലാക്കിയത്.
ബാഴ്സയ്ക്ക് സെമിയിൽ ഇന്റർ,
ആഴ്സനലിന് പി.എസ്.ജി
ചാമ്പ്യൻസ് ലീഗിന്റെ ഒരു സെമിഫൈനലിൽ മുൻ ചാമ്പ്യന്മാരായ ബാഴ്സലോണയും ഇന്റർ മിലാനും തമ്മിൽ ഏറ്റുമുട്ടുമ്പോൾ മറ്റൊരു സെമിയിൽ ഇതുവരെ കിരീടം നേടാത്ത ആഴ്സനലും പാരീസ് എസ്.ജിയും ഏറ്റുമുട്ടും. ഏപ്രിൽ 30,മേയ് 1 തീയതികളിലായാണ് ആദ്യ പാദ സെമിഫൈനലുകൾ. മേയ് 7,8 തീയതികളിലായി രണ്ടാം പാദങ്ങൾ നടക്കും. ജൂൺ ഒന്നിന് മ്യൂണിക്കിലാണ് ഫൈനൽ.
ഇക്കുറി ആഴ്സനലിന്റെ വനിതാ ടീമും ചാമ്പ്യൻസ് ലീഗ് സെമിയിലെത്തിയിട്ടുണ്ട്. വനിതകളും ക്വാർട്ടറിൽ തോൽപ്പിച്ചത്
റയലിനെയാണ്.