ബംഗ്ലാദേശ് പൗരൻ അറസ്റ്റിൽ

Friday 18 April 2025 12:49 AM IST
മുഹമ്മദ് അൽ അമീൻ ഇസ്ലാം

തഴവ: വ്യാജ രേഖകളുമായി കരുനാഗപ്പള്ളി മരുതൂർകുളങ്ങരയിലെ ഫ്‌ളവർ മില്ലിൽ ജോലി ചെയ്തുവന്ന ബംഗ്ലാദേശ് സ്വദേശിയെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് അൽ അമീൻ ഇസ്ലാമാണ് (25) അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്ന് അസാം സ്വദേശിയാണെന്ന് കാണിക്കുന്ന വ്യാജ ആധാർ കാർഡ് പൊലീസ് പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ പാസ്‌പോർട്ടോ മറ്റ് രേഖകളോ ഇല്ലാതെ അനധികൃതമായാണ് താമസിച്ചുവന്നതെന്ന് കണ്ടെത്തി. ജില്ലാ പൊലീസ് മേധാവി കിരൺ നാരായണിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. കരുനാഗപ്പള്ളി എ.എസ്.പിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി എസ്.എച്ച്.ഒ വി.ബിജു, എസ്.ഐ കുരുവിള, എസ്.സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.