കെ.എസ്.ആർ.ടി.സി ബസ് തകരാറിലായി; വിനോദയാത്രക്കാർ വനത്തിൽ കുടുങ്ങി

Friday 18 April 2025 3:54 AM IST


പകരം എത്തിച്ച ബസും കേടായി

പത്തനംതിട്ട: കെ.എസ്.ആർ.ടി.സിയുടെ ടൂർ പാക്കേജിൽ ഗവിയിലേക്ക് പോയ വിനോദ സഞ്ചാരികൾ ബസ് തകരാറിലായതിനെ തുടർന്ന് വനത്തിൽ കുടുങ്ങി. ചടയമംഗലം ഡിപ്പോയിൽ നിന്ന് ഇന്നലെ വെളുപ്പിന് പുറപ്പെട്ട 38 യാത്രക്കാരിൽ വൃദ്ധരും കുട്ടികളും ഉണ്ടായിരുന്നു. മനുഷ്യവാസമില്ലാത്ത പ്രദേശത്തെ വനപാതയിൽ കുടിവെള്ളംപോലും കിട്ടാതെ മണിക്കൂറുകളോളം കഴിഞ്ഞ ഇവരെ ഏറെ വൈകിയാണ് തിരികെ കൊണ്ടുവന്നത്. മൂഴിയാറിലെത്തി ഗവിയിലേക്ക് പോകുമ്പോൾ രാവിലെ 11.10നാണ് ക്ളച്ച് തകരാറിലായത്. വന്യമൃഗങ്ങളുള്ള വനത്തിലൂടെയുള്ള റോഡിൽ ഒറ്റപ്പെട്ടതോടെ ഡ്രൈവറും കണ്ടക്ടറും പത്തനംതിട്ട ഡിപ്പോയിൽ വിവരം അറിയിച്ചു. മൊബൈൽ ഫോണിന് റേഞ്ച് കൃത്യമായി ലഭിക്കാത്തതിനാൽ വൈകിയാണ് വിവരം അറിയിച്ചത്.

12.10ന് മെക്കാനിക്ക് ഉൾപ്പെടെ പകരം ബസ് പത്തനംതിട്ട ഡ‌ിപ്പോയിൽ നിന്ന് അയച്ചു. 3.45നാണ് ബസ് എത്തിയത്. സ്ഥലത്തെത്തിയതോടെ ഈ ബസിന്റെയും ക്ലച്ച് തകരാറിലായി. അറ്റകുറ്റപ്പണി നടത്തുന്നതിനിടെ 5.30ന് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസെത്തി. യാത്രക്കാർ ഇതിൽ മടങ്ങി മൂഴിയാറിലെത്തിയാണ് ആഹാരം കഴിച്ചത്. അപ്പോഴേക്കും ആദ്യം തകരാറിലായ ബസ് നന്നാക്കി എത്തിച്ച് യാത്രക്കാരെ പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി. രാത്രിയോടെയാണ് സംഘം ചടയമംഗലത്തേക്ക് മടങ്ങിയത്.