മുനമ്പം ,മുഖ്യമന്ത്രിയെ കാണും: കോഴിക്കോട് ആർച്ച് ബിഷപ്പ്

Friday 18 April 2025 3:54 AM IST

കോഴിക്കോട്: മുനമ്പം പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും മുഖ്യമന്ത്രിയെ കാണുമെന്ന് കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ. കാലിക്കറ്റ് പ്രസ് ക്ളബിന്റെ മീറ്റ് ദി പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയവുമായി ബന്ധപ്പെട്ട് കെ.വി. തോമസ് വിളിച്ചിരുന്നു. മുഖ്യമന്ത്രിക്ക് പ്രശ്നം പരിഹരിക്കാൻ താത്പര്യമുണ്ടെന്നും ചെന്നു കാണാമെന്നും പറഞ്ഞു. വന്യമൃഗശല്യവുമായി ബന്ധപ്പെട്ട് മറ്റ് ബിഷപ്പുമാർക്കൊപ്പം താനും മുഖ്യമന്ത്രിയെക്കണ്ടപ്പോൾ മുനമ്പം വിഷയവും അവതരിപ്പിച്ചിരുന്നു. പരിഹരിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നാണ് പറഞ്ഞത്. കോടതിയിലുള്ള വിഷയമായതിനാൽ അദ്ദേഹത്തിനും പരിമിതികളുണ്ട്. ജാതിയുടെയും മതത്തിന്റെയും പേരിൽ കലഹിക്കാതെ മുനമ്പം പ്രശ്നം ഒറ്റക്കെട്ടായി ചർച്ച ചെയ്‌തു പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.