ഇരകളാകുന്നത് കൂടുതലും കുട്ടികൾ, പണം പോകുന്ന വഴി അറിയില്ല
തൃശൂർ: 'നിങ്ങൾ ഒറ്റയ്ക്കാണോ, നിങ്ങൾക്കും വേണ്ടേ ഒരു കൂട്ട്...' സമൂഹ മാദ്ധ്യമങ്ങളിൽ റീൽസിനിടെയും മറ്റും ഇത്തരം ടാഗ്‌ലൈനുകളോടെ പരസ്യങ്ങൾ വരും. ക്ലിക്ക് ചെയ്താൽ ചാറ്റ് ആപ്ലിക്കേഷനുകളിലെത്തും. സൗജന്യമായോ ചെറിയ തുക അടച്ചോ ഉപയോഗിക്കാം. മറുപുറത്ത് ഒരാൾ സംസാരിക്കും. വീഡിയോ ചാറ്റ് വരെ ചെയ്യാം. നമ്മളെ കേൾക്കും, ഒപ്പമൊരാളുണ്ടെന്ന് തോന്നിക്കും. ഉപയോഗം വർദ്ധിക്കുമ്പോൾ വൻ തുക ഈടാക്കിത്തുടങ്ങും. ഇങ്ങനെ മൊബൈൽ ആസക്തി (നോ മൊബൈൽ ഫോബിയ നോമോഫോബിയ) ചൂഷണം ചെയ്ത് പണം തട്ടുന്ന പുതുതലമുറ ആപ്പുകൾ സജീവമാണ്. മലയാളത്തിൽ ഉൾപ്പെടെ ഇത്തരം ആപ്പുകളുണ്ട്. കുട്ടികളാണ് കൂടുതലും ഇരകളാകുന്നത്.
ഡാറ്റ ചോർച്ച
ചാറ്റിംഗ് ഉൾപ്പെടെ കൈകാര്യം ചെയ്യുക ടെലികോളേഴ്‌സാണ്. റീചാർജ് ചെയ്ത് ആപ്പിൽ കയറണമെന്ന് തോന്നിപ്പിക്കുന്നത് ഇവരാണ്. ആപ്പിൽ ലോഗിൻ ചെയ്യാൻ ടിക്ക് ചെയ്യുമ്പോഴേ ഫോണിലെ കോൺടാക്ട് ലിസ്റ്റിലേക്കും ഗ്യാലറിയിലേക്കും ഉൾപ്പെടെ പ്രവേശിക്കാനുള്ള അനുവാദം നാം നൽകിക്കഴിഞ്ഞു. മൂന്നാം കക്ഷിക്ക് വരെ ഡേറ്റ നൽകിയേക്കാമെന്നാണ് മലയാളികൾക്കിടയിൽ ഏറെ പ്രചാരമുള്ള ഒരു ആപ്പിന്റെ നിബന്ധനയിലുള്ളത്. സോഷ്യൽ മീഡിയ അൽഗോരിതം വഴിയാണ് ഉപയോക്താക്കളെ കണ്ടെത്തുന്നത്.
നാലിൽ മൂന്ന് പേർക്കും
കൊവിഡ് കാലത്താണ് മൊബൈൽ ആസക്തി വർദ്ധിക്കുന്നത്. കുട്ടികൾക്ക് പഠനത്തിന് സ്മാർട്ട് ഫോൺ ആവശ്യമായിരുന്നു. എന്നാൽ, ഇത് ഫോൺ ഇല്ലാതെ പറ്റില്ലെന്ന അവസ്ഥയിലെത്തിച്ചു. 16 വയസിൽ താഴെയുള്ള കുട്ടികളുടെ ഇൻസ്റ്റ അക്കൗണ്ടുകൾക്ക് കേന്ദ്രം നിയന്ത്രണം കൊണ്ടുവരുന്നത് ഇതിന്റെ ഭാഗമായാണ്. ഫോൺ കുറച്ചുനേരമെങ്കിലും അടുത്തില്ലെങ്കിൽ നോമോഫോബിയ ബാധിച്ചവർ അസ്വസ്ഥരാകും. മൊബൈൽ ഫോണിൽ നിന്ന് മാറിനിൽക്കേണ്ടി വരുമോ, ഉപയോഗിക്കാനാകാതെയിരിക്കുമോ എന്ന ഭയമാണിത്. നിംഹാൻസ്, ഇന്ത്യൻ സൈക്കോളജിയെക്കുറിച്ചുള്ള അന്താരാഷ്ട്ര ജേണൽ എന്നിവയുടെ പഠനങ്ങൾ, നോമോഫോബിയ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ഇടയിൽ വർദ്ധിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.സ്മാർട്ട് ഫോൺ ഉപയോക്താക്കളിൽ നാലിൽ മൂന്ന് പേർക്കും നോമോഫോബിയ ഉണ്ടെന്നാണ് ഫോൺ കമ്പനിയായ ഓപ്പോയുടെ കണ്ടെത്തൽ.
കോളിംഗ്, ചാറ്റ് ആപ്പുകൾ ഒരു മായാലോകത്തേക്കാണ് കൊണ്ടുപോകുന്നത്. ലാഭം മാത്രം ലക്ഷ്യമിട്ടുള്ള ഇത്തരം ആപ്പുകൾ മൂലം പണം പോകുന്നു എന്നുമാത്രമല്ല, രോഗങ്ങൾ വിലയ്ക്കു വാങ്ങേണ്ടിയും വരും.
-എം.സി.രാജിലൻ
അന്തർദേശീയ വ്യക്തിത്വവികസന പരിശീലകൻ