തിങ്കളാഴ്‌ചയ്‌ക്കുള്ളിൽ ഷൈൻ വിശദീകരണം നൽകണം; പുറത്താക്കാൻ ശുപാർശ ചെയ്യും, കടുപ്പിച്ച് അമ്മ

Friday 18 April 2025 12:44 PM IST

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ കടുത്ത നടപടികൾക്കൊരുങ്ങി താരസംഘടനയായ അമ്മ. വിൻസിയുടെ പരാതിയിൽ തിങ്കളാഴ്‌ചയ്‌ക്കുള്ളിൽ ഷൈൻ വിശദീകരണം നൽകണമെന്നാണ് ആവശ്യം. ഇല്ലെങ്കിൽ സംഘടനയിൽ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് അച്ചടക്ക സമിതി ജനറൽ ബോഡിയോട് ശുപാർശ ചെയ്യും.

അമ്മ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംഘടനയുടെ തീരുമാനം. ഷൈനിനെ സംഘടനയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമാണ്. വിൻസിയുടെ പരാതിയിന്മേൽ നോട്ടീസ് നൽകാനാണ് സൂത്രവാക്യം എന്ന സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലിന്റെ തീരുമാനം. വിൻസിയുടെ പരാതിയിൽ നിരവധി ആളുകളാണ് പിന്തുണയുമായി രംഗത്തെത്തുന്നത്. ഷൈനിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ഫിലിം ചേമ്പറും അറിയിച്ചിട്ടുണ്ട്.

ഷൈനിനെതിരായ നടപടി ചർച്ച ചെയ്യാൻ തിങ്കളാഴ്‌ചയാണ് ഫിലിം ചേമ്പറും യോഗം ചേരുന്നത്. ആ ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് അമ്മയും നടനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഷൈനിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്നാണ് വിവരം.