ദിവ്യ എസ് അയ്യര്‍ നടത്തിയത് ഗുരുതരമായ ചട്ടലംഘനം, പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

Friday 18 April 2025 6:50 PM IST

തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെകെ രാഗേഷിനെ പ്രശംസിച്ച ദിവ്യ എസ് അയ്യര്‍ക്കെതിരെ പരാതി. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റ് വിജില്‍ മോഹന്‍ ആണ് പരാതി നല്‍കിയത്. സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരനും കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടര്‍ക്കുമാണ് പരാതി നല്‍കിയത്. ദിവ്യ എസ് അയ്യര്‍ ഗുരുതരമായ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ചാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. നീതി ലഭിക്കും വരെ നിയമപോരാട്ടം തുടരാനാണ് യൂത്ത് കോണ്‍ഗ്രസിന്റെ തീരുമാനം.

ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കുള്ള 1968ലെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് ദിവ്യ എസ് അയ്യര്‍ നടത്തിയതെന്നും കര്‍ശനമായ നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ഐഎഎസ് ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട രാഷ്ട്രീയ നിഷ്പക്ഷത ദിവ്യ പാലിച്ചിട്ടില്ലെന്നാണ് പരാതിയിലെ പ്രധാന ആരോപണം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്നത് രാഷ്ട്രീയ നിയമനമാണ്. സിപിഎം സംസ്ഥാന സമിതിയാണ് കെ.കെ.രാഗേഷിനെ പദവിയിലേക്ക് നിയോഗിച്ചത്.

ആ പദവിയെക്കുറിച്ച് പോസ്റ്റിട്ടത് രാഷ്ട്രീയ നിഷ്പക്ഷതയ്ക്ക് എതിരാണ്. വ്യക്തിപരമായി പ്രഫഷനല്‍ അഭിപ്രായമാണ് പറഞ്ഞതെങ്കില്‍ എന്തിനാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കമ്യൂണിസ്റ്റ് വിപ്ലവ ഗാനത്തിന്റെ പശ്ചാത്തലം ഉപയോഗിച്ചതെന്നും പരാതിയില്‍ ചോദിക്കുന്നു. വാക്ക് കൊണ്ടു ഷൂ ലേസ് കെട്ടികൊടുക്കുന്ന പരിപാടിയാണ് ദിവ്യ കാണിച്ചത്. ദിവ്യയുടെ പോസ്റ്റ് തികച്ചും പൊളിറ്റിക്കല്‍ ആണ്. രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ള പ്രീണനമാണ് നടത്തിയതെന്നും വിജിലിന്റെ പരാതിയില്‍ പറയുന്നു.