കേരളകൗമുദി എഡിറ്റോറിയല്‍ അഡ്വൈസറും മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകനുമായ വി ശശിധരന്‍ അന്തരിച്ചു

Friday 18 April 2025 8:21 PM IST

തിരുവനന്തപുരം: കേരളകൗമുദി എഡിറ്റോറിയല്‍ അഡ്വൈസറും മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകനുമായ വി ശശിധരന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. ഏതാനും മാസങ്ങളായി അസുഖബാധിതനായി കഴിയുകയായിരുന്നു. അദ്ദേഹത്തിന്റെ അന്ത്യം വെള്ളിയാഴ്ച വൈകുന്നേരം 6:15ന് ചാക്ക കല്‍പക നഗറിലെ വസതിയില്‍ വച്ചായിരുന്നു. കേരളകൗമുദിയുടെ പ്രഗല്‍ഭരായ എഡിറ്റോറിയല്‍ മേധാവികളില്‍ ഒരാളായിരുന്നു അന്തരിച്ച വി. ശശിധരന്‍.

1966ല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം കേരളകൗമുദിയില്‍ ജോലിയില്‍ പ്രവേശിച്ചു. പത്രാധിപര്‍ കെ സുകുമാരന്റെ കാലത്താണ് അദ്ദേഹം കേരളകൗമുദിയില്‍ എത്തുന്നത്. കേരളകൗമുദിയുടെ ചീഫ് ന്യൂസ് എഡിറ്റര്‍, അസോസിയേറ്റ് എഡിറ്റര്‍ എന്നീ പദവികളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ പത്രത്തിന്റെ ലീഡര്‍ റൈറ്ററായും അദ്ദേഹം പ്രവര്‍ത്തിച്ചുവരികയായിരുന്നു.

1982ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ഗെയിംസ് ഉള്‍പ്പെടെയുള്ള നിരവധി ദേശീയ അന്തര്‍ദേശീയ വാര്‍ത്തകള്‍ വി ശശിധരന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഭാര്യ- പ്രേമകുമാരി അമ്മ, മക്കള്‍- കൃഷ്ണകുമാര്‍, രശ്മി ശശിധരന്‍ (ഫെഡറല്‍ ബാങ്ക്), മരുമക്കള്‍- ദേവിക എല്‍, ജയകൃഷ്ണന്‍ ബി (എഞ്ചിനീയര്‍, ഓള്‍ ഇന്ത്യ റേഡിയോ), ചെറുമക്കള്‍- അഡ്വക്കേറ്റ് കൃഷ്ണ ജെ, തനൂജ കൃഷ്ണ, നീരജ കൃഷ്ണ