ഷൈൻ ടോം ചാക്കോയോട് ചോദിക്കാൻ 32 ചോദ്യങ്ങൾ തയ്യാറാക്കി പൊലീസ്; ഫോൺ വിവരങ്ങൾ ഉൾപ്പെടെ ശേഖരിച്ചു
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയോട് ചോദിക്കാൻ 32 ചോദ്യങ്ങൾ തയ്യാറാക്കി പൊലീസ്. എറണാകുളം ടൗൺ നോർത്ത് പൊലീസ് ആണ് പ്രാഥമിക ചോദ്യാവലി തയ്യാറാക്കിയത്. ഹോട്ടലിൽ പരിശോധന നടന്ന രാത്രിയിൽ ഉണ്ടായ സംഭവങ്ങൾ വിശദമായി ചോദിക്കാനാണ് പൊലീസിന്റെ നീക്കം. ഷൈൻ ടോം ചാക്കോയുടെ കഴിഞ്ഞ ഒരു മാസത്തെ ഫോൺ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
അടുത്തിടെ ഷൈൻ നഗരത്തിൽ താമസിച്ച ആറ് ഹോട്ടലുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ഹോട്ടലുകളിൽ താമസിച്ചിരുന്ന ദിവസങ്ങളിൽ നടനെ സന്ദർശിച്ചവരുടെ വിവരവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ ഷൈൻ കേരളത്തിന് പുറത്ത് നടത്തിയ യാത്രകളെക്കുറിച്ചും വിശദമായി അന്വേഷിച്ചു. എക്‌സൈസിന് ലഭിച്ച വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
അതേസമയം, പൊലീസിന്റെ ചോദ്യംചെയ്യൽ നേരിടാനായി ഷൈൻ കൊച്ചിയിലെ മൂന്ന് പ്രമുഖ ക്രിമിനൽ അഭിഭാഷകരുടെ സഹായം തേടിയതായി റിപ്പോർട്ട്. ഇന്ന് പൊലീസിന് മുമ്പാകെ ഹാജരായില്ലെങ്കിലും പ്രശ്‌നമില്ലെന്നാണ് ഷൈനിന് അഭിഭാഷകരിൽ നിന്ന് ലഭിച്ച ഉപദേശം. എന്നാൽ, ഇന്ന് ഹാജരാകാനാണ് നടന്റെ തീരുമാനമെന്നും വിവരമുണ്ട്.