വിൻസിയുടെ വെളിപ്പെടുത്തൽ അതീവ ഗൗരവം; ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി

Saturday 19 April 2025 11:04 AM IST

കൊച്ചി: നടി വിൻസിയുടെ വെളിപ്പെടുത്തൽ അതീവ ഗൗരവമായി കാണുന്നുവെന്ന് മന്ത്രി സജി ചെറിയാൻ. നടിയുടെ പരാതിയിൽ അന്വേഷണവും ശക്തമായ നടപടിയുമുണ്ടാകുമെന്നും വിഷയത്തെക്കുറിച്ച് എക്‌സൈസ് മന്ത്രിയുമായി ചർച്ച നടത്തിയെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

സിനിമാ മേഖലയിലെ ലഹരി ഉപയോഗം നേരത്തെ ശ്രദ്ധയിൽപ്പെട്ടതാണ്. എന്നാൽ ഇതിനെക്കുറിച്ച് പുറത്തുപറയാൻ ആരും ധൈര്യം കാണിച്ചില്ല. സിനിമാ മേഖലയിൽ ലഹരി പൂർണ്ണമായും ഒഴിവാക്കാൻ നയം കൊണ്ടുവരും. ഹേമ കമ്മിറ്റിയുടെ ശുപാർശകൾ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. വനിതകൾക്കെതിരായ അതിക്രമത്തിൽ സർക്കാർ ഒരു വിട്ടുവീഴ്ചയും കാണിക്കില്ല. മുഖം നോക്കാതെ നടപടിയുണ്ടാകും. ഷൂട്ടിംഗ് സെറ്റുകളിൽ പരിശോധന നടക്കുന്നുണ്ട്. വിഷയത്തിൽ എക്‌സൈസും പൊലീസും ശക്തമായ ഇടപെടൽ നടത്തുന്നുണ്ടെന്നും സജി ചെറിയാൻ വ്യക്തമാക്കി.

കഴിഞ്ഞ നവംബറിൽ ചിത്രീകരിച്ച സൂത്രവാക്യം സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ മോശം പെരുമാറ്റത്തെ തുടർന്നാണ് ഷൈനിന് എതിരെ താരസംഘടനയ്ക്കും ഫിലിം ചേംബറിനും വിൻസി അലോഷ്യസ് പരാതി നൽകിയത്. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ലെന്നും സിനിമാ സെറ്റിൽ ഒരു നടനിൽ നിന്ന് മോശം അനുഭവം ഉണ്ടായിയെന്നും ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ വിൻസി പറഞ്ഞിരുന്നു. നടന്റെ പേരും സിനിമയുടെ പേരും അന്ന്‌ വെളിപ്പെടുത്തിയിരുന്നില്ല . പിന്നീട് വിൻസി നൽകിയ പരാതി പുറത്തു വരികയും ആ നടൻ ഷൈൻ ടോം ചാക്കോയാണെന്ന് പരസ്യമാകുകയും ചെയ്തു.