'ദിവ്യയ്‌ക്ക് സൈക്കോഫാൻസി'; ഭർത്താവുൾപ്പെടെ വലതുപക്ഷത്തുള്ളവരാരും നല്ലവരല്ലേയെന്ന് പിജെ കുര്യൻ

Saturday 19 April 2025 1:14 PM IST

പത്തനംതിട്ട: കെകെ രാഗേഷിനെ പുകഴ്‌ത്തിയ ദിവ്യ എസ് അയ്യരെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യൻ. ദിവ്യ പൊതുവിടത്തിൽ അഭിപ്രായം പറഞ്ഞു. അതിനെ വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ, വിമർശിക്കുന്നവർക്കെതിരെ പറയുന്നത് ദിവ്യയുടെ ധാർഷ്‌ട്യമാണെന്നും പിജെ കുര്യൻ പറഞ്ഞു.

'കുടുംബത്തിലെ ഒരംഗത്തെ പുകഴ്‌ത്തിയെന്നാണ് ദിവ്യ പറയുന്നത്. ഭരണവർഗം മാത്രമാണോ കുടുംബം. ബാക്കിയുള്ളവരൊക്കെ കുടുംബത്തിന് പുറത്താണോ? വികലമായ കാഴ്‌ചപ്പാടാണത്. സിവിൽ സർവീസ് ഉദ്യോഗസ്ഥ നിഷ്‌പക്ഷമതിയായിരിക്കണം. എല്ലാവരെയും ഒരുപോലെ കാണണം. ദിവ്യയ്‌ക്ക് അറിവുണ്ട്. തിരിച്ചറിവില്ല. ദിവ്യയ്‌ക്ക് സൈക്കോ ഫാൻസിയാണ്. അവർ ഭരിക്കുന്ന പാർട്ടിയുടെ ആളായി മുദ്രകുത്തപ്പെട്ടു. അതിൽ അവർക്ക് പല ഗുണങ്ങളും ലഭിക്കും. അതിന് വേണ്ടിയായിരുന്നു പുകഴ്‌ത്തൽ.

ഇടതുപക്ഷത്തുള്ളവരെ മാത്രമാണോ ദിവ്യ നല്ലവരായി കണ്ടത്. മനുഷ്യന് വലത് കണ്ണുമുണ്ട്. വലതുപക്ഷത്ത് അവരുടെ ഭർത്താവ് ഉൾപ്പെടെയുണ്ട്. അവരാരും നല്ലവരല്ലേ. നന്മ വേർതിരിച്ച് കാണുന്നത് ഒരുതരം കണ്ണുരോഗമാണ്. ദിവ്യ ഐഎഎസ് ഉദ്യോഗസ്ഥ എന്ന നിലയ്‌ക്കുള്ള ലക്ഷ്‌മണരേഖ കടന്നു. ഒരു സർക്കാർ മാറി മറ്റൊരു സർക്കാർ വരും അപ്പോഴും ജോലി ചെയ്യേണ്ടതാണെന്ന് ഓർക്കണം', പിജെ കുര്യൻ പറഞ്ഞു.

അതേസമയം, പൊതുവേദിയിലെ ഇടപെടലുകളിൽ പെരുമാറ്റച്ചട്ടം കൊണ്ട് വരാനുള്ള കെപിസിസി തീരുമാനത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഉന്തും തള്ളും കൂടിവരുന്ന സ്ഥിതിയാണ്. പെരുമാറ്റചട്ടം കോൺഗ്രസിൽ ആവശ്യമായിരുന്നു. കെപിസിസി അദ്ധ്യക്ഷനെ മാറ്റുന്നതില്‍ തീരുമാനം ഹൈക്കമാന്റിന്റേതാണ്. സംസ്ഥാന കോൺഗ്രസിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടണമെന്നും പി ജെ കുര്യൻ കൂട്ടിച്ചേര്‍ത്തു.