പശുവിൻ പാലിനേക്കാൾ മൂന്നിരട്ടി പോഷകഗുണം,​ ട്രെൻഡിംഗാകാൻ പാറ്റപ്പാൽ, കുടിച്ചുകഴിയുമ്പോൾ ക്രിസ്റ്റലാകും

Saturday 19 April 2025 3:50 PM IST

ആരോഗ്യം മികച്ചതാക്കാൻ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാനികളിൽ ഒന്നാണ് പാൽ. പ്രോട്ടീൻ, കാൽഷ്യം, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ മികച്ച സ്രോതസാണ് പാൽ. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഭാരം നിയന്ത്രിക്കാനും പാൽ സഹായിക്കും. പശുവിൻ പാൽ, ആട്ടിൻ പാൽ തുടങ്ങി വിവിധ തരത്തിലെ പാലും പാൽ ഉത്‌പന്നങ്ങളും നമ്മൾ ഉപയോഗിക്കാറുണ്ട്. ഇപ്പോഴിതാ കേട്ടാൽ ആരുമൊന്ന് അമ്പരക്കുന്ന പാൽ ആണ് ശ്രദ്ധനേടുന്നത്. കോക്ക്‌റോച്ച് മിൽക്ക് അഥവാ പാറ്റപ്പാൽ ആണ് പോഷകമേറിയ ആഹാരങ്ങളിൽ പുതുതായി ശാസ്‌ത്രജ്ഞർ ഉൾപ്പെടുത്തിയിരിക്കുന്നത്.

പശുവിൻ പാലിനേക്കാൾ മൂന്നിരട്ടി പോഷകമാണ് പാറ്റപ്പാലിലുള്ളതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഈ പാലിൽ പ്രോട്ടീൻ, കൊഴുപ്പ്, പഞ്ചസാര എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പോഷക സാന്ദ്രമായ പ്രകൃതിദത്ത പദാർത്ഥങ്ങളിൽ ഒന്നാണിതെന്നും ശാസ്ത്രജ്ഞർ വെളിപ്പെടുത്തി.

2016ൽ ഇന്റർനാഷണൽ യൂണിയൻ ഓഫ് ക്രിസ്റ്റലോഗ്രഫി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പാറ്റപ്പാലിന്റെ ഗുണങ്ങൾ വ്യക്തമാക്കുന്നത്. പാറ്റാ കുഞ്ഞുങ്ങൾ ഈ പാൽ ഭക്ഷിക്കുമ്പോൾ അവയുടെ വയറ്റിനുള്ളിൽ ഇവ പരലുകളായി മാറുമെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. സസ്തനികളുടെ പാലിൽ ഏറ്റവും കലോറി കൂടുതലാണെന്ന് കരുതിയിരുന്ന എരുമപ്പാലിന്റെ മൂന്നിരട്ടി കലോറി ഈ പാലിൽ അടങ്ങിയിട്ടുണ്ടെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. എന്നാൽ പാറ്റയുടെ പാൽ ഇതുവരെ മനുഷ്യ ഉപഭോഗത്തിന് ലഭ്യമായിട്ടില്ല. പാറ്റകളിൽ നിന്ന് പാൽ വേർതിരിച്ചെടുക്കുന്നത് വളരെ സങ്കീർണ്ണ പ്രക്രിയയായതിനാൽ, അതിന്റെ ഉൽപാദനമാണ് ഏറ്റവും പ്രധാനപ്പെട്ട തടസം.