മനസുണ്ടെങ്കിൽ കൃഷി ചെയ്യാൻ കണ്ണെന്തിന്!
ചോറ്റാനിക്കര: ചോറ്റാനിക്കര മുരിയമംഗലം വടക്കേടത്ത് വി.ജി. അംബുജാക്ഷന്റെ ടെറസിലെ കൃഷിയിടത്തിൽ കരുത്തോടെ വളരുകയാണ് പച്ചക്കറികൾ. തക്കാളിയും വഴുതനയും പടവലവും മുതൽ കോളിഫ്‌ളവറും ഔഷധച്ചെടികളും വരെയുണ്ട് ഇവിടെ. കൃഷിയിടം പരിപാലിച്ചിരിക്കുന്ന രീതി കണ്ടാൽ ആരും പറയില്ല, അന്ധനായ 61കാരന്റെ കൃഷിയാണിതെന്ന്! കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്പനി ലിമിറ്റഡ് (കെൽ) റിട്ട. ഉദ്യോഗസ്ഥനായ അംബുജാക്ഷൻ ജന്മനാ അന്ധനായിരുന്നു. കാഴ്ചയില്ലാതെ എങ്ങനെ കൃഷിചെയ്യാൻ കഴിയുമെന്ന് ചോദിച്ചാൽ തനിക്ക് ഉൾക്കാഴ്ചയുണ്ടെന്നാകും മറുപടി. പുലർച്ചെ 4.30 മുതൽ 8.30 വരെയും ചെടികളെ പരിപാലിക്കും. തൊട്ടു നോക്കിയാൽ അറിയാം ഏത് ചെടിയാണെന്ന്. ഗന്ധം നോക്കി വളർച്ചയും മനസിലാക്കും. ജനിച്ച ആറു മാസത്തിനു ശേഷം അമ്മയെ നഷ്ടപ്പെട്ട അംബുജാക്ഷനെ പിതാവും ഉപേക്ഷിച്ചു. അമ്മയുടെ സഹോദരിയും അമ്മാവനുമാണ് വളർത്തിയത്. ചരിത്രത്തിൽ ബി.എ നേടിയ ശേഷം കെല്ലിൽ അവിദഗ്ദ്ധ തൊഴിലാളിയായി. അന്ധനായതിനാൽ സ്റ്റോറിലായിരുന്നു ആദ്യ നിയമനം. സ്പർശനം കൊണ്ട് ഒരോ പാർട്‌സും തിരിച്ചറിഞ്ഞ് തനിയെ അസംബ്ലി ചെയ്തു അത്ഭുതം സൃഷ്ടിച്ചു. അതോടെ അസംബ്ലി സെക്ഷനിലേക്ക് മാറ്റമായി. 2003 കെല്ലിൽ നിന്ന് റിട്ടയറായി. വിശ്രമ ജീവിതം നാട്ടിലെ ജൈവകൃഷിയുടെ ബ്രാൻഡ് അംബാസഡറായി വിനിയോഗിക്കുകയാണ്. അതിനിടയിൽ ഭാര്യയുമൊത്ത് കുംഭമേളയ്ക്കും പോയി. പത്മജയാണ് ഭാര്യ. മൂന്ന് ആൺമക്കൾ: അംബീഷൻ, അരുൺകുമാർ, അനിൽകുമാർ.
30 വർഷമായി
ജൈവകൃഷി
30 വർഷം മുമ്പാണ് ജൈവകൃഷി തുടങ്ങിയത്. 1995ൽ റോസാപ്പൂക്കളിലായിരുന്നു ആദ്യ പരീക്ഷണം, പിന്നീട് പനിക്കൂർക്ക, തുളസി, ചീര, മത്തങ്ങ, ഇഞ്ചി തുടങ്ങിയവയിലേക്കും നീണ്ടു. ചാണകവും ജൈവമാലിന്യങ്ങളും ചാരവും വളമായി നൽകും. കൂർക്ക കൃഷിയിൽ സ്വന്തം രീതി തന്നെയുണ്ട്. വഴിയോരത്ത് വലിച്ചെറിയുന്ന ഗ്ലാസ് കുപ്പികൾ ശേഖരിച്ച് ടെറസിൽ നിരത്തി, മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് അതിനു മുകളിൽ ഉണങ്ങിയ ഇലകൾ വിതറി അതിനു മുകളിൽ ചാണകവും മണലും ഇടകലർത്തി തണുപ്പുള്ള അടിത്തറ സൃഷ്ടിക്കുന്നു. മഴ പെയ്യുമ്പോൾ ഒരു തുള്ളി വെള്ളം പോലും കെട്ടിക്കിടക്കരുതെന്നും അംബുജാക്ഷൻ പറയുന്നു.