കീറാമുട്ടിയായി മാറിയ മെഡിസെപ്പ്
മൂന്നുവർഷം മുമ്പ് കൊണ്ടുപിടിച്ച് വികലമായി നടപ്പിലാക്കിയ മെഡിസെപ്പ് എന്ന നിർബന്ധിത ഇൻഷ്വറൻസ് പദ്ധതിയുടെ കാലാവധി വരുന്ന ജൂൺ 30ന് അവസാനിക്കും. സർവത്ര അപാകത നിറഞ്ഞ ഈ പദ്ധതിക്കെതിരെ, അതിൽ അംഗത്വമെടുക്കാൻ നിർബന്ധിതരായവർ തുടക്കം മുതൽതന്നെ ഉയർത്തിയ പ്രതിഷേധം ഇപ്പോഴും നിലനിൽക്കുന്നു. മെഡിസെപ്പ് പദ്ധതി കുറ്റമറ്റ രീതിയിൽ ഫലപ്രദമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) ഇപ്പോഴും ശക്തമായി സമര രംഗത്തുണ്ട്.
ഇൻഷ്വറൻസ് കമ്പനിയെ സഹായിക്കാനായി പ്രതിമാസ പ്രീമിയം ഏകപക്ഷീയമായി വർദ്ധിപ്പിക്കാൻ സർക്കാർ നീക്കമുള്ളതായാണ് വാർത്തകൾ. നിലവിലെ പ്രീമിയം വർദ്ധിപ്പിക്കാതിരിക്കുക, ഒ.പി സൗകര്യം ഉറപ്പാക്കുക, ഇതര സർക്കാർ ഇൻഷ്വറൻസ് പദ്ധതികളിൽ അംഗത്വമെടുത്തിട്ടുള്ളവരെ മെഡിസെപ്പിൽ നിർബന്ധപൂർവം അംഗത്വമെടുപ്പിക്കുന്നത് ഒഴിവാക്കാൻ ഓപ്ഷൻ സമ്പ്രദായം ഏർപ്പെടുത്തുക, ഭാര്യയും ഭർത്താവും പെൻഷൻകാരാണെങ്കിൽ രണ്ടുപേരിൽ നിന്നും അഞ്ഞൂറുരൂപ വീതം പ്രതിമാസ പ്രീമിയം പിടിച്ചെടുക്കുന്ന അശാസ്ത്രീയ രീതി ഒഴിവാക്കുക എന്നിവയൊക്കെയാണ് എല്ലാ പെൻഷൻകാർക്കും സ്വീകാര്യമായ വിധത്തിൽ പദ്ധതി പുനർരൂപകല്പന ചെയ്യാനുള്ള മാർഗങ്ങൾ.
പ്രധാനപ്പെട്ട എല്ലാ ആശുപത്രികളെയും എം പാനൽ ലിസ്റ്റിൽ ഉൾപ്പെടുത്തുകയും, അവിടെയുള്ള എല്ലാ ചികിത്സാ വകുപ്പുകളിലും ഗുണഭോക്താവിന് സേവനം ഉറപ്പുവരുത്തുകയും വേണം. വ്യക്തികൾ നൽകുന്ന പ്രതിമാസ പ്രീമിയത്തിന്റെ അത്രതന്നെ തുക സർക്കാരും വിഹിതമായി നിക്ഷേപിക്കണം. പ്രീമിയം വർദ്ധിപ്പിക്കുന്നത്, പ്രത്യേകിച്ചും സർവീസ് പെൻഷൻകാർക്ക് ഒട്ടും ഗുണകരമായിരിക്കില്ല. വിഷയത്തിൽ പിടിവാശി കൈവെടിഞ്ഞ് പെൻഷൻ സംഘടനകൾ ഉൾപ്പെടെയുള്ളവരുമായി സർക്കാർ ചർച്ച ചെയ്ത് പദ്ധതിയിൽ കാലോചിതമായ മാറ്റം വരുത്തി, ഫലപ്രദമായി പദ്ധതി തുടരുന്നത് നന്നായിരിക്കും.
നെയ്യാറ്റിൻകര മുരളി
പാലോട്ട്, കരിയം.