വടകരയിൽ ആൾമറയില്ലാത്ത  കിണറ്റിൽ  വീണ അഞ്ചുവയസുകാരന്  ദാരുണാന്ത്യം

Saturday 19 April 2025 7:45 PM IST

കോഴിക്കോട്: വടകര മണിയൂർ കരുവഞ്ചേരിയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ അഞ്ചുവയസുകാരന് ദാരുണാന്ത്യം. നിവാനാണ് മരിച്ചത്. വീടിനടുത്ത് പറമ്പിൽ കളിച്ചുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. നിവാനോടൊപ്പം കിണറ്റിൽ വീണ മറ്റൊരു കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. കൽപ്പടവുകളിൽ പിടിച്ചുനിന്നതിനാലാണ് ഈ കുട്ടി രക്ഷപ്പെട്ടത്. രക്ഷപ്പെട്ട കുട്ടിയെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മരിച്ച നിവാൻ വെള്ളത്തിലേക്ക് വീണുപോവുകയായിരുന്നു. കൽപ്പടവുകളിൽ പിടിച്ചുനിൽക്കാനായിരുന്നില്ല. ഇന്ന് വെെകിട്ട് നാലരയോടെയായിരുന്നു സംഭവം. നിവാന്റെ മൃതദേഹം വടകര ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.അഗ്നിശമനസേന സ്ഥലത്തെത്തിയെങ്കിലും അതിന് മുൻപ് നാട്ടുകാർ കുട്ടികളെ പുറത്തെടുത്തു. തുടർന്ന് ഉടൻ കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നിവാന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.