മുനമ്പം രാജ്യാന്തര ശ്രദ്ധനേടി; പിന്നോട്ടില്ലെന്ന് സമരസമിതി

Sunday 20 April 2025 8:50 PM IST
ഭൂമിക്കായ് മനമുരുകുമ്പോൾ...മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 189 ദിവസമായി നടന്നുന്നരുന്ന നിരാഹാര സമരപ്പന്തലിൽ തൊണ്ണൂറ് വയസുള്ള മഹതി ശാർങ‌്ഗധരൻ അണിചേർന്നപ്പോൾ

കൊച്ചി: വഖഫുമായി ബന്ധപ്പെട്ട മുനമ്പം ഭൂമി പ്രശ്‌നത്തിൽ സുപ്രീം കോടതി ഇടപെടലുണ്ടായെങ്കിലും പോരാട്ടത്തിൽ നിന്നു പിന്നോട്ടില്ലെന്നു ഭൂസംരക്ഷണ സമരസമിതി. ഭാവി പരിപാടികൾക്ക് അടുത്ത ദിവസം രൂപം നൽകും.

കേന്ദ്ര സർക്കാരിൽ പ്രതീക്ഷയുണ്ട്. ഒരു പ്രാദേശിക വിഷയത്തെ രാജ്യാന്തര തലത്തിൽ ശ്രദ്ധേയമാക്കാൻ കഴിഞ്ഞു. സമരം തുടങ്ങിയശേഷം ഓരോ പാർട്ടിയും സ്വീകരിച്ച നിലപാടുകളെക്കുറിച്ച് ബോദ്ധ്യമുണ്ടെന്നും സമിതി കൺവീനർ ജോസഫ് ബെന്നി കുറുപ്പശേരി പറഞ്ഞു.

പ്രശ്‌നത്തിന് 15 ദിവസത്തിനകം തീരുമാനമെടുക്കുമെന്ന കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ ഉറപ്പിൽ വിശ്വാസമുണ്ട്.

മേയ് അഞ്ചിന് സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കുന്ന സാഹചര്യത്തിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. തത്കാലം കൂടുതൽ പ്രതികരണത്തിനില്ല. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ കാര്യം വരുംദിവസങ്ങളിൽ തീരുമാനിക്കുമെന്നും വ്യക്തമാക്കി.

തെറ്റുതിരുത്തൽ നിയമം:

ഡോ.കെ.എസ്.രാധാകൃഷ്ണൻ

മുസ്ലിങ്ങൾ ഉൾപ്പെടെയുള്ളവരുടെ അന്യാധീനമായ സ്വത്തുക്കൾ വീണ്ടെടുക്കാനുള്ള തെറ്റുതിരുത്തൽ നിയമമാണ് വഖഫ് ഭേദഗതി നിയമമെന്ന് ബി.ജെ.പി ദേശീയ കൗൺസിൽ അംഗം ഡോ.കെ.എസ്.രാധാകൃഷ്ണൻ പറഞ്ഞു. വസ്തുതർക്കം മതനിയമം അനുസരിച്ചല്ല, റവന്യൂ ചട്ടപ്രകാരമാണ് പരിഹരിക്കേണ്ടതെന്ന വ്യക്തമായ സന്ദേശം നൽകാൻ നിയമം സഹായകമായി. കൈയടക്കിയ ഭൂമിയിൽ മുത്തവല്ലി തീരുമാനമെടുക്കുന്ന സാഹചര്യം പുതിയ നിയമത്തോടെ ഇല്ലാതായി. എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമുണ്ടാകുമെന്നും പറഞ്ഞു.