യു.ഡി.എഫ് പ്രവേശനം വേഗത്തിലാക്കണം; കോൺഗ്രസിനെ മുൾമുനയിലാക്കി അൻവർ
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഡി.സി.സി പ്രസിഡന്റ് വി.എസ്.ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്ന സമ്മർദ്ദം ശക്തമാക്കിയതിലൂടെ പി.വി. അൻവർ ലക്ഷ്യമിടുന്നത് തൃണമൂൽ കോൺഗ്രസിന്റെ യു.ഡി.എഫ് പ്രവേശനം. താൻ നിർദ്ദേശിച്ച സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുകയോ, ഉപതിരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫ് പ്രവേശനം സാദ്ധ്യമാക്കുകയോ വേണമെന്നാണ് അൻവറിന്റെ ആവശ്യം. കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് സീറ്റിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ്. 2021ൽ നിലമ്പൂർ സീറ്റ് വിട്ടുകൊടുത്തപ്പോൾ അടുത്ത തവണ തന്നെ സ്ഥാനാർത്ഥിയാക്കാമെന്ന് പാർട്ടി ഉറപ്പ് നൽകിയിരുന്നതായി ഷൗക്കത്ത് ചൂണ്ടിക്കാട്ടുന്നു. ഡി.സി.സി പ്രസിഡന്റാക്കാമെന്ന വാഗ്ദാനം പാലിക്കാത്തത് പോലെ, നിലമ്പൂരിൽ തഴഞ്ഞാൽ മറ്റു വഴികൾ തേടേണ്ടിവരുമെന്നാണ് ഷൗക്കത്തിന്റെ മുന്നറിയിപ്പ്. കോൺഗ്രസിലെ പടയിൽ നോട്ടമിട്ട എൽ.ഡി.എഫ് സ്ഥാനാർത്ഥി ചർച്ചകളിലേക്ക് കടന്നിട്ടില്ല. ഷൗക്കത്തിനെ സ്വീകരിക്കാൻ സി.പി.എം തയ്യാറാണെന്നത് കോൺഗ്രസിന്റെ ചങ്കിടിപ്പ് കൂട്ടുന്നുണ്ട്.
നിയമസഭ തിരഞ്ഞെടുപ്പിന് ഒരുവർഷം മാത്രം ബാക്കിനിൽക്കെ നിലമ്പൂരിലെ വിജയം പാർട്ടിക്കും മുന്നണിക്കും ആത്മവിശ്വാസമേകും. സിറ്റിംഗ് സീറ്റിലെ തോൽവി സർക്കാരിനെതിരെ ജനവികാരമെന്ന പ്രചാരണത്തിനും കരുത്തേകുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. അൻവർ മറ്റൊരു സ്ഥാനാർത്ഥിയെ നിറുത്തിയാൽ യു.ഡി.എഫിന്റെ സാദ്ധ്യതകളെ ബാധിക്കും. അനുകൂല സാഹചര്യം ഇല്ലാതാക്കരുതെന്ന് കോൺഗ്രസിനോട് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങൾ അവസരമാക്കി, വി.എസ്. ജോയിയ്ക്കായുള്ള അവകാശവാദത്തിൽ നിന്ന് പിൻവലിയാൻ, യു.ഡി.എഫ് പ്രവേശനമെന്ന ഉപാധി മുന്നോട്ടുവയ്ക്കാനാണ് അൻവറിന്റെ നീക്കം. ഇന്ന് നിലമ്പൂരിൽ തൃണമൂൽ കോൺഗ്രസിന്റെ യോഗം അൻവർ വിളിച്ചിട്ടുണ്ട്. തുടർന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ നേരിൽ കണ്ട് നിലപാടറിയിക്കും.
അൻവറിന് നിലനിൽപ്പ് പ്രശ്നം
യു.ഡി.എഫ് പ്രവേശനം സാദ്ധ്യമായില്ലെങ്കിൽ തന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാവും. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലൂടെ കൈവരുന്ന സാദ്ധ്യത ഇനി ലഭിച്ചേക്കില്ലെന്നും അൻവർ കണക്കുകൂട്ടുന്നുണ്ട്. ദേശീയതലത്തിലെ തൃണമൂലിന്റെ നിലപാടുകൾ ചൂണ്ടിക്കാട്ടി യു.ഡി.എഫിൽ എടുക്കുന്നതിനോട് കോൺഗ്രസിൽ ഭിന്നാഭിപ്രായമുണ്ട്. യു.ഡി.എഫിലെ മറ്റ് കക്ഷികൾക്കും പൂർണ്ണസമ്മതമില്ല. അൻവറിന് മുന്നിൽ തടസ്സം നിൽക്കേണ്ടെന്നാണ് നിലപാടെങ്കിലും പിന്നീട് ബാദ്ധ്യതയാവുമോ എന്ന ആശങ്ക മുസ്‌ലിം ലീഗിനുണ്ട്.