ക്യാപ്ടൻ ജഗ്‌മോഹൻ മസഗോൺ ഡോക്‌സ് ചെയർമാൻ 

Sunday 20 April 2025 12:57 AM IST

കൊച്ചി: ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ മുംബയ് മസഗോൺ ഡോക്‌സ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി മലയാളിയായ ക്യാപ്ടൻ ജഗ്‌മോഹൻ (55) നിയമിതനായി. നാവികസേനയ്ക്കായി യുദ്ധക്കപ്പലുകൾ, അന്തർവാഹിനികൾ എന്നിവയ്ക്കു പുറമേ ടാങ്കറുകളും യാത്രാ കപ്പലുകളും ഫെറികളും നിർമ്മിക്കുന്ന രാജ്യത്തെ ഒന്നാംകിട കപ്പൽശാലകളിലൊന്നാണിത്. കണ്ണൂർ സ്വദേശിയായ ജഗ്‌മോഹൻ കൊച്ചിയിലാണ് താമസം. 1992ൽ കുസാറ്റിൽനിന്ന് നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിംഗിൽ ബി.ടെക്കും ഐ.ഐ.ടി ഖരഗ്പൂരിൽനിന്ന് ഓഷ്യൻ എൻജിനീയറിംഗിൽ എം.ടെകും ഡൽഹി ഐ.ഐ.ടിയിൽനിന്ന് നേവൽ കൺസ്ട്രക്‌ഷനിൽ പി.ജി ഡിപ്ലോമയും നേടിയ ഇദ്ദേഹം, ജർമ്മനിയിലെ അകിൻ യൂണിവേഴ്‌സിറ്റിയിൽ ഗവേഷണവും നടത്തിയിട്ടുണ്ട്. നാവികസേനയിലടക്കം പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുണ്ട്. ഗോവ ഷിപ് യാർഡ് ഡയറക്ടർ, കൊൽക്കത്ത ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ചീഫ് ജനറൽ മാനേജർ (ഡിസൈൻ), ഇന്ത്യൻ നേവിയിൽ ഡയറക്ടർ, ഡെപ്യൂട്ടി ജനറൽ മാനേജർ (ഡിസൈൻ), ഹൈദരാബാദ് ഡി.ആർ.ഡി.എല്ലിൽ ധനുഷ് മിസൈൽ പ്രോജക്ട് മാനേജർ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു. പി.വി. വിജയന്റെയും ജയ വിജയന്റെയും മകനാണ്. നന്ദിതയാണ് ഭാര്യ. മക്കൾ: അവന്തിക (അഭിഭാഷക, മുംബയ്), ധ്രുവ് മോഹൻ (കൊമേഴ്‌സ് ബിരുദ വിദ്യാർത്ഥി, ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി, ബംഗളൂരു).