ലഹരി ഉപയോഗം സമ്മതിച്ചു , ഷൈൻ ടോം അറസ്റ്റിൽ
കൊച്ചി: ബുധനാഴ്ച ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് ചാടി ഇരുട്ടിന്റെ മറവിൽ രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ഇന്നലെ പൊലീസിന്റെ ചോദ്യം ചെയ്യലിൽ പിടിച്ചുനിൽക്കാനായില്ല. ലഹരി ഉപയോഗിക്കാറില്ല, ഇടപാടുകാരുമായി ബന്ധമില്ല എന്നെല്ലാം വാദിച്ചെങ്കിലും ബാങ്ക് ഇടപാട് രേഖകൾ, വാട്ട്സാപ്പ് ചാറ്റുകൾ, മൊബൈൽ ഫോൺ രേഖകൾ എന്നിവ പൊലീസ് നിരത്തിയതോടെ നിലപാട് മാറ്റി. ലഹരി ഉപയോഗിക്കുന്നയാളാണെന്നും ഹോട്ടലിൽ പരിശോധന നടക്കുമ്പോൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നില്ലെന്നും തിരുത്തി. ലഹരിക്കേസിൽ അറസ്റ്റ് ചെയ്തശേഷം ജാമ്യത്തിൽ വിട്ടു. ലഹരി വസ്തുക്കളുമായി പിടിയിലാവാത്ത സാഹചര്യത്തിലാണ് ജാമ്യത്തിൽ വിടേണ്ടിവന്നത്. ഷൈൻ ചാടിപ്പോയ കലൂരിലെ വേദാന്ത ഹോട്ടലിലെ മുറിയിൽ ഉണ്ടായിരുന്ന മലപ്പുറം വളവന്നൂർ സ്വദേശി അഹമ്മദ് മുർഷാദ് (25) കൂട്ടുപ്രതിയാണ്. അറസ്റ്റും രേഖപ്പെടുത്തി. പൊലീസിനെ കണ്ട് ഗുണ്ടകളെന്ന് തെറ്റിദ്ധരിച്ചാണ് മൂന്നാം നിലയിൽ നിന്ന് രണ്ടാം നിലയുടെ റൂഫിലേക്കും അവിടെ നിന്ന് ഒന്നാം നിലയിലെ സ്വിമ്മിംഗ് പൂളിലേക്കും ചാടി രക്ഷപ്പെട്ടതെന്ന് മൊഴി നൽകി. എന്നാൽ, തെളിവു നശിപ്പിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. നോർത്ത് പൊലീസ് സ്റ്റേഷനിൽ നാലര മണിക്കൂർ നീണ്ട ചോദ്യംചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. വൈകിട്ട് അഞ്ചരയോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. 21ന് വീണ്ടും ഹാജരാകണം. രാവിലെ 10ന് അഭിഭാഷകനും മറ്റ് രണ്ടുപേർക്കുമൊപ്പമാണ് സ്റ്റേഷനിൽ ഹാജരായത്. എറണാകുളം സെൻട്രൽ എ.സി.പി സി. ജയകുമാർ, എറണാകുളം എ.സി.പി പി. രാജ്കുമാർ, നാർക്കോട്ടിക്സ് എ.സി.പി അബ്ദുൾ സലാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ. 32 ചോദ്യങ്ങളടങ്ങിയ പട്ടിക തയ്യാറാക്കിയിരുന്നു. 2.15 ഓടെ കേസെടുത്തതായി പൊലീസ് അറിയിച്ചു. മൂന്ന് മണിയോടെ വൈദ്യപരിശോധനയ്ക്ക് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചു. വൈകിട്ട് അഞ്ചോടെ സ്റ്റേഷനിൽ എത്തിച്ച് മാതാപിതാക്കളുടെ ജാമ്യത്തിൽ വിട്ടയച്ചു. ബുധനാഴ്ച രാത്രി 11 ഓടെയാണ് ഹോട്ടലിൽ നിന്ന് ഷൈൻ രക്ഷപ്പെട്ടത്. ഇറങ്ങി ഓടുന്നതിന്റെ സി.സി.ടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
കേസിൽ ഒന്നാം പ്രതി;
നഖം, മുടി പരിശോധനയ്ക്ക്
എൻ.ഡി.പി.എസ് ആക്ട് 27(ബി), 29, ബി.എൻ.എസ് 238 വകുപ്പുകളിലാണ് കേസ്. ഒന്നാം പ്രതിയാണ്. ലഹരി ഉപയോഗം, മയക്കുമരുന്ന് ഉപയോഗിക്കാൻ പ്രേരണ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയവയാണ് കുറ്റങ്ങൾ. മയക്കുമരുന്ന് ഉപയോഗിച്ചോയെന്ന് കണ്ടെത്താൻ ഷൈനിന്റെ നഖത്തിന്റെയും മുടിയുടെയും സാമ്പിളുകൾ ശേഖരിച്ചു. ഇവ തിരുവനന്തപുരം ഫൊറൻസിക് ലാബിലേക്ക് അയയ്ക്കും
മയക്കുമരുന്ന് ഇടപാടുകാരനായ മലപ്പുറം സ്വദേശി ഷജീർ, ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ളീമ എന്നിവരുമായുള്ള ബന്ധം ഷൈൻ സ്ഥിരീകരിച്ചതായാണ് വിവരം. ഇവരുമായുള്ള ഫോൺവിളി രേഖകളും സാമ്പത്തിക ഇടപാടുകളും ഷൈനിന് പ്രശ്നമാകും
സംസ്ഥാനത്തെ ആദ്യ കൊക്കെയ്ൻ കേസിൽ പ്രതിയായ ഷൈനിനെ അടുത്തിടെയാണ് കോടതി കുറ്റവിമുക്തനാക്കിയത്. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലും നടി വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലിലും ആരോപണനിഴലിൽ നിൽക്കെയാണ് വീണ്ടും കേസിൽ കുടുങ്ങിയത്