'അതിഥി പോർട്ടൽ ' ഫലം കണ്ടു 22,145 തൊഴിലാളികൾ ഊരും പേരുമുള്ളവർ

Sunday 20 April 2025 12:02 AM IST
അന്യസംസ്ഥാന തൊഴിലാളി

കോഴിക്കോട്: അന്യസംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണത്തിനായി തൊഴിൽ വകുപ്പ് ഏർപ്പെടുത്തിയ ‘അതിഥി പോർട്ടൽ’ വിജയം കണ്ടു. ഒരുവർഷത്തിനിടെ രജിസ്റ്റർ ചെയ്തവരുടെ എണ്ണത്തിൽ നാലിരട്ടിയോളം വർദ്ധന. ജില്ലയിൽ 22,145 പേരാണ് ഇതിനകം രജിസ്റ്റർ ചെയ്തത്. ര​ജി​സ്‌​ട്രേ​ഷ​ൻ എളുപ്പമാക്കാനായി ആരംഭിച്ച ‘അ​തിഥി മൊ​ബൈ​ൽ ആ​പ്പിലൂടെയാണ് ഭൂരിഭാഗം രജിസ്ട്രേഷനും നടന്നത്. കഴിഞ്ഞ വർഷം 6045 പേരായിരുന്നു രജിസ്ട്രേഷൻ പൂർത്തിയാക്കിയത്. കേരളത്തിലെത്തുന്ന ഇതര സംസ്ഥാന തൊ​ഴി​ലാ​ളി​ക​ളെ തൊഴിൽ വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യിപ്പിച്ച് സ​മ്പൂ​ർ​ണ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്നതിനായി സംസ്ഥാന സർക്കാർ 2023ലാണ് അതിഥി പോർട്ടൽ രൂപകൽപ്പന ചെയ്തത്. ഇതിനായി മൊബെെൽ ആപ്പ് വികസിപ്പിച്ചത് കഴിഞ്ഞ വർഷമാണ്. രജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് ആധാർ അധിഷ്ഠിതമായ ‘അതിഥി കാർഡ്’ ലഭിക്കും. പേര്, ഫോട്ടോ, സ്വന്തം നാട്ടിലെ വിലാസം, കേരളത്തിലെ വിലാസം, അനുവദിച്ച തീയതി തുടങ്ങിയ വിവരങ്ങളാണ് കാർഡിൽ രേഖപ്പെടുത്തുക. മൊബൈലിൽ ആപ്പിലൂടെ തൊഴിലാളികൾക്ക് നേരിട്ട് രജിസ്ട്രേഷൻ നടത്താം. ഫെസിലിറ്റേഷൻ സെന്ററുകൾ, ലേബർ ക്യാമ്പുകൾ, നിർമാണ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ അസി. ലേബർ ഓഫീസർമാരുടെ നേതൃത്വത്തിലുള്ള സംഘമെത്തി മൊബൈൽ ആപ്പിലൂടെ രജിസ്ട്രേഷൻ നടപടി നടത്തുന്നുണ്ട്. ഒപ്പം തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് പ്രത്യേകം ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തെത്തുന്ന ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ സൂക്ഷിക്കാനും ആവശ്യമെങ്കിൽ ബന്ധപ്പെടാനും ഇതുവഴി സാധിക്കും.

രജിസ്റ്റർ ചെയ്യാം

തൊഴിലാളികൾക്ക് നേരിട്ടോ അവരുടെ തൊഴിലുടമകൾ, കോൺട്രാക്ടർമാർ എന്നിവർക്കോ പോർട്ടലിലൂടെ രജിസ്ട്രേഷൻ പൂർത്തിയാക്കാം. മൊബൈൽ നമ്പർ ഉപയോ​ഗിച്ചാണ് രജിസ്ട്രേഷൻ. ഫോട്ടോയും തിരിച്ചറിയൽ രേഖയും അപ്‌ലോഡ്‌ ചെയ്യണം. രജിസ്റ്റർചെയ്ത തൊഴിലാളികൾക്ക് സ്ഥാപനം മാറുമ്പോൾ രജിസ്ട്രേഷൻ നിലനിർത്തി തന്നെ പുതിയ സ്ഥാപനം ചേർക്കുന്നതിനും സൗകര്യമുണ്ട്. www.athidhi.lc.kerala.gov.in എന്ന പോർട്ടലിലൂടെയും രജിസ്ട്രേഷൻ പൂർത്തിയാക്കാം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ലേബർ ഓഫീസുമായോ അസിസ്റ്റന്റ് ലേബർ ഓഫീസുകളുമായോ ബന്ധപ്പെടാം. ഫോൺ: 0495- 2370538.

'' തൊഴിലാളികൾ നേരിട്ട് രജിസ്ട്രേഷൻ നടത്തുന്നത് താരതമ്യേന കുറവാണ്. തൊഴിൽ ദാതാക്കൾ മുഖേനയും ഉദ്യോഗസ്ഥർ തൊഴിൽ സ്ഥലത്തെത്തിയുമാണ് രജിസ്ട്രഷൻ നടത്തുന്നത്. ജില്ലയിൽ ഇനിയും രജിസ്ട്രേഷൻ പൂ‌ർത്തിയാക്കാനുണ്ട്.

- സബിഷ ( ജില്ലാ ലേബർ ഓഫീസർ)