ലഹരി വിരുദ്ധ സന്ദേശം

Sunday 20 April 2025 1:17 AM IST

കഞ്ചിക്കോട്: ക്ഷേത്ര ഉത്സവ പരിപാടിക്കൊപ്പം ലഹരി വിരുദ്ധ സന്ദേശം. കഞ്ചിക്കോട് കൊയ്യാമരക്കാട് ശ്രീ മാരിയമ്മൻ ക്ഷേത്രത്തിലെ മാരിയമ്മൻ പൂജ മഹോത്സവത്തോടനുബന്ധിച്ചാണ് ലഹരി വിരുദ്ധ കാമ്പെയിൻ നടന്നത്. പ്രത്യേകം സജ്ജമാക്കിയ മിനിലോറിയിലാണ് ലഹരി വിരുദ്ധ സന്ദേശ യാത്ര നടന്നത്. ഉത്സവഘോഷയാത്രക്കൊപ്പം അതേ പ്രാധാന്യത്തോടെയാണ് ലഹരി വിരുദ്ധ സന്ദേശവാഹനവും പ്രയാണം നടത്തിയത്. ലഹരി ഉപയോഗിക്കാത്ത ആൺകുട്ടികൾ ഞങ്ങളുടെ തറവാട്ടിലുണ്ട് എന്ന് രേഖപ്പെടുത്തിയ പ്ലക്കാർഡ് ശ്രദ്ധിക്കപ്പെട്ടു. നൃത്തനൃത്യങ്ങളും ടാബ്ലോയും മിമിക്സും സമന്വയിപ്പിച്ചാണ് പരിപാടി അവതരിപ്പിച്ചത്. തുറന്ന മിനിലോറിയിൽ ഡയനാമിക് ഡാൻസ് അക്കാഡമിയിലെ കലാകാരന്മാർക്കൊപ്പം നാട്ടുകാരായ യുവതീയുവാക്കളും ചുവട് വെച്ചു. ലഹരിയുടെ ഭീകരത ജനങ്ങളെ ബോധ്യപ്പെടുത്തുന്ന വിധത്തിലാണ് പരിപാടി അവതരിപ്പിച്ചത്.

കഞ്ചിക്കോട് കൊയ്യാമരക്കാട് ശ്രീ മാരിയമ്മൻ ക്ഷേത്രത്തിലെ മാരിയമ്മൻ പൂജ മഹോത്സവത്തോടനുബന്ധിച്ച് നടന്ന ലഹരി വിരുദ്ധ കാമ്പെയിൻ.