വി.ശശിധരന് സ്നേഹാദരങ്ങളോടെ വിട

Sunday 20 April 2025 12:16 AM IST

തിരുവനന്തപുരം: കേരളകൗമുദിയുടെ എഡിറ്റോറിയൽ അഡ്വൈസർ വി. ശശിധരന് തലസ്ഥാനം സ്നേഹാദരങ്ങളോടെ വിട നൽകി. ചാക്ക കല്പക നഗറിലെ അദ്ദേഹത്തിന്റെ വസതിയിലും പേട്ടയിലെ കേരളകൗമുദി ഓഫീസിലും പ്രസ് ക്ലബിലും പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ സമൂഹത്തിന്റെ നാനാതുറകളിലുമുള്ള നിരവധി പേർ അന്ത്യോപചാരമ‌ർപ്പിച്ചു. സൂര്യനു താഴെയുള്ള ഏത് വിഷയത്തിലും അഗാധമായ അറിവുള്ള മാദ്ധ്യമപ്രവർത്തകനായിരുന്നു വി.ശശിധരൻ. കേരളകൗമുദിയുടെ പ്രഗത്ഭരായ എഡിറ്റോറിയൽ മേധാവികളിൽ ഒരാളായിരുന്നു. പത്രാധിപർ കെ. സുകുമാരന്റെ കാലത്താണ് അദ്ദേഹം കേരളകൗമുദിയിൽ എത്തിയത്. സിനിമ നിരൂപണത്തിലും തിളങ്ങിയിരുന്നു. പത്രാധിപർ കെ. സുകുമാരൻ മുതൽ കേരളകൗമുദിയുടെ ഇന്നത്തെ ചീഫ് എഡിറ്റർ ദീപുരവി വരെയുള്ള തലമുറകൾക്കൊപ്പം ജോലി ചെയ്ത പ്രതിഭാധനന്മാരുടെ കൂട്ടത്തിലാണ് അദ്ദേഹം . അദ്ദേഹത്തിന്റെ എഡിറ്റോറിയലുകൾ കുലീനവും എന്നാൽ മൂർച്ചയേറിയ ഭാഷയിലുമായിരുന്നു. മുൻ എം.പി പന്ന്യൻ രവീന്ദ്രൻ, മുൻ ദേവസ്വം ബോർഡ് അംഗം കെ.പി.ശങ്കരദാസ്, മുതിർന്ന മാദ്ധ്യമ പ്രവർത്തകരായ എസ്.ആർ. ശക്തിധരൻ, ടി.ദേവപ്രസാദ്‌, കെ.പ്രഭാകരൻ, മുൻ ഇൻഫർമേഷൻ കമ്മിഷണർമാരായ പി.ഫസിലുദീൻ, കെ.വി.സുധാകരൻ,കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ ശങ്കർ ഹിമഗിരി തുടങ്ങിയവർ അന്ത്യോപചാരമ‌ർപ്പിച്ചു. കേരളകൗമുദി തിരുവനന്തപുരം യൂണിറ്റിനു വേണ്ടി എസ്.വിക്രമൻ, നോൺ ജേർണലിസ്റ്റ് യൂണിയനു വേണ്ടി കെ.എസ് .സാബു, എംപ്ലോയീസ് വെൽഫെയർ ഫോറത്തിനു വേണ്ടി മനോജ്, കേരളകൗമുദി എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കു വേണ്ടി പി.എച്ച്.സനൽകുമാർ എന്നിവർ റീത്ത് സമർപ്പിച്ചു.