വയനാട് പുനരധിവാസം: എൽസ്റ്റൺ എസ്റ്റേറ്റ് സുപ്രീംകോടതിയിൽ

Sunday 20 April 2025 12:23 AM IST

ന്യൂഡൽഹി : വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് ടൗൺഷിപ്പ് നിർമ്മിക്കുന്നതിന് ഏറ്റെടുക്കുന്ന എൽസ്റ്റൺ എസ്റ്റേറ്റിന് കൂടുതൽ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹ‍ർജി. മുഴുവൻ നഷ്‌ടപരിഹാരവും ലഭിക്കുംവരെ ഏറ്റെടുക്കൽ നടപടി തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനം കേരള ഹൈക്കോടതി അംഗീകരിച്ചതോടെ എൽസ്റ്റൺ എസ്റ്റേറ്റ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. എസ്റ്റേറ്റിന്റെ 78.73 ഹെക്‌ടർ ഭൂമി ഏറ്രെടുക്കാനുള്ള നടപടികൾക്ക് സർക്കാർ തുടക്കമിട്ടിരുന്നു. സർക്കാർ വിലയിരുത്തിയ 26.56 കോടി നഷ്‌ടപരിഹാരം അപര്യാപ്‌തമാണെന്നാണ് എൽസ്റ്റൺ എസ്റ്റേറ്റിന്റെ വാദം. 1063 കോടി അനുവദിക്കണം. തങ്ങളുടെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ തടസഹർജി സമർപ്പിച്ചിട്ടുണ്ട്.