കേരളകൗമുദി എഡിറ്റോറിയൽ അഡ്വൈസർ വി.ശശിധരന് അന്ത്യാഞ്ജലി

Sunday 20 April 2025 12:43 AM IST

തിരുവനന്തപുരം: പ്രമുഖ പത്രപ്രവർത്തകനും കേരളകൗമുദി എഡിറ്റോറിയൽ അഡ്വൈസറുമായ വി.ശശിധരൻ അന്തരിച്ചു.79 വയസായിരുന്നു. ആറു പതിറ്റാണ്ടോളം അദ്ദേഹം കേരളകൗമുദിയുടെ ഭാഗമായിരുന്നു. ഏതാനും മാസങ്ങളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.വെള്ളിയാഴ്ച വൈകിട്ട് 6.15ന് ചാക്ക കൽപക നഗറിലെ വസതിയിലായിരുന്നു അന്ത്യം. മൃതദേഹം വസതിയിലും കേരളകൗമുദിയിലും പ്രസ് ക്ലബിലും പൊതുദർശനത്തിനു വച്ചശേഷം ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ ശാന്തികവാടത്തിൽ സംസ്‌കരിച്ചു.

ആലപ്പുഴ അരൂരിൽ വേലായുധൻ നായരുടെയും അമ്മു അമ്മയുടെയും മകനായാണ് ജനനം. 1966 ൽ എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം കേരളകൗമുദിയിൽ ജോലിയിൽ പ്രവേശിച്ചു. 1982ൽ ഡൽഹിയിൽ നടന്ന ഏഷ്യൻ ഗെയിംസ് ഉൾപ്പെടെയുള്ള നിരവധി ദേശീയ അന്തർദേശീയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളകൗമുദിയിൽ ചീഫ് ന്യൂസ് എഡിറ്റർ, അസോസിയേറ്റ് എഡിറ്റർ പദവികളിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു. 2013 ൽ കെ.വിജയരാഘവൻ സ്മാരക സമിതി ഏർപ്പെടുത്തിയ കെ.വിജയരാഘവൻ പുരസ്‌കാരം ലഭിച്ചു. കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി വസതിയിലെത്തി റീത്ത് സമർപ്പിച്ചു. എക്സിക്യുട്ടീവ് എഡിറ്റർ എസ്.എസ്.സതീശ്, അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ് എന്നിവരും അന്തിമോപചാരമർപ്പിച്ചു. ഭാര്യ: എസ്. പ്രേമകുമാരി, മക്കൾ കൃഷ്ണകുമാർ (ഇ.വൈ, ടെക്‌നോപാർക്ക് ), രശ്മി ശശിധരൻ (ഫെഡറൽ ബാങ്ക്), മരുമക്കൾ: ദേവിക.എൽ (ഇ.വൈ , ടെക്‌നോപാർക്ക് ), ജയകൃഷ്ണൻ.ബി (എൻജിനീയർ, ഓൾ ഇന്ത്യ റേഡിയോ), ചെറുമക്കൾ : അഡ്വ.കൃഷ്ണ ജെ, തനൂജ കൃഷ്ണ, നീരജ കൃഷ്ണ. സഞ്ചയനം 24 ന് രാവിലെ 8 ന്.