സമ്മർദ്ദതന്ത്രത്തിന് മുനകൂട്ടി അൻവർ; ത്രിശങ്കുവിൽ കോൺഗ്രസ്

Saturday 19 April 2025 11:40 PM IST

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഡി.സി.സി പ്രസിഡന്റ് വി.എസ്.ജോയിയെ അല്ലാതെ മറ്റൊരു സ്ഥാനാർത്ഥിയെ അംഗീകരിക്കില്ലെന്ന പി.വി. അൻവർ എം.എൽ.എയുടെ സമ്മർദ്ദം തൃണമൂൽ കോൺഗ്രസിന്റെ യു.ഡി.എഫ് പ്രവേശനവും 2026ലെ നിയമസഭ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടെന്ന് വിലയിരുത്തൽ. ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചാലും 2026ലെ തിരഞ്ഞെടുപ്പിൽ നിലമ്പൂർ സീറ്റിനായി അവകാശവാദം ഉന്നയിക്കില്ലെന്ന് വി.എസ്.ജോയി അൻവറിന് ഉറപ്പേകിയതായാണ് അണിയറ വർത്തമാനം. അതേസമയം, ആര്യാടൻ ഷൗക്കത്ത് വിജയിച്ചാൽ നിലമ്പൂർ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് അൻവർ കണക്കുകൂട്ടുന്നു. ബന്ധവൈരികളായതിനാൽ വിജയശേഷം ഷൗക്കത്ത് തന്നെ അംഗീകരിക്കില്ല. നിലമ്പൂരിലെ തന്റെ പ്രാധാന്യത്തിന് കോട്ടം തട്ടുമോയെന്നും അൻവർ ഭയക്കുന്നുണ്ട്.

ഇന്ന് തൃണമൂൽ കോൺഗ്രസിന്റെ യോഗം നിലമ്പൂരിൽ അൻവർ വിളിച്ചുചേർത്തിട്ടുണ്ട്. താൻ നിർദ്ദേശിച്ച സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചില്ലെങ്കിൽ നിലമ്പൂരിൽ മത്സരിച്ചേക്കുമെന്ന സൂചനയേകാനും അൻവർ മടിച്ചേക്കില്ല. ആര്യാടൻ ഷൗക്കത്ത് അൻവറിന്റെ വീട്ടിലെത്തി അനുനയന ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് വിവരം. ഇതിന് തൊട്ടടുത്തെ ദിവസമാണ് ജോയിയെ മത്സരിപ്പിക്കണമെന്ന ആവശ്യം അൻവർ വീണ്ടും ശക്തമാക്കിയത്.

ദേശീയ സാഹചര്യം കൂടി പരിഗണിക്കുമ്പോൾ തൃണമൂൽ കോൺഗ്രസിന്റെ യു.ഡി.എഫ് പ്രവേശനം അത്ര സുഗമമായിരിക്കില്ലെന്ന ബോദ്ധ്യം അൻവറിനുണ്ട്. യു.ഡി.എഫ് പ്രവേശനം ഉപതിരഞ്ഞെടുപ്പിന് മുമ്പ് സാദ്ധ്യമായില്ലെങ്കിൽ പിന്നീട് വലിയ കടമ്പകൾ താണ്ടേണ്ടി വരുമെന്ന ബോദ്ധ്യം അൻവറിനുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് അൻവറിന്റെ സമ്മർദ്ദ നീക്കമെന്നാണ് കോൺഗ്രസിലെ ഒരുവിഭാഗം നേതാക്കളുടെ വിലയിരുത്തൽ. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ കണ്ട് സമ്മർദ്ദം ശക്തമാക്കാനാണ് അൻവറിന്റെ നീക്കം.

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയേയും പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് നേതൃത്വം അവകാശപ്പെടുമ്പോഴും സീറ്റിനായുള്ള പിടിവലിയിൽ ഇത് നീളാനാണ് സാദ്ധ്യത. കോൺഗ്രസിലെ പാളയത്തിൽ പടയിൽ നോട്ടമിട്ട എൽ.ഡി.എഫ് ഇതുവരെ സ്ഥാനാർത്ഥി ചർച്ചകളിലേക്ക് കടന്നിട്ടില്ലെന്നതും കോൺഗ്രസിന്റെ ചങ്കിടിപ്പ് വർദ്ധിപ്പിക്കുന്നുണ്ട്.

ഇനിയും മൗനിയായിരിക്കില്ല

2021ൽ നിലമ്പൂർ സീറ്റ് വി.വി. പ്രകാശിനായി വിട്ടുകൊടുത്തപ്പോൾ അടുത്ത തവണ സ്ഥാനാർത്ഥിയാക്കുമെന്ന് പാർട്ടി ഉറപ്പേകിയിരുന്നെന്നാണ് ആര്യാടൻ ഷൗക്കത്തിന്റെ അവകാശവാദം. ഇതു മുന്നിൽ കണ്ട് താഴെത്തട്ടിൽ അടക്കം സംഘടനാപ്രവർത്തനം ശക്തമാക്കുന്നതിനിടെ ആണ് ജോയിക്ക് വേണ്ടിയുള്ള അൻവറിന്റെ നീക്കം. ഡി.സി.സി പ്രസിഡന്റാക്കുമെന്ന് ഉറപ്പേകി അവഗണിച്ചത് പോലെ സ്വന്തം മണ്ഡലത്തിൽ നീതി നിഷേധം ആവർത്തിച്ചാൽ മൗനിയായി ഇരിക്കില്ലെന്ന് ഷൗക്കത്ത് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. എ ഗ്രൂപ്പ് നേതാവെന്ന പ്രതീതിയും മുസ്‌ലിം ലീഗുമായി നേരത്തെ ഉണ്ടായിരുന്ന വാക്പോരുകളും 2016ലെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ചില മതനേതൃത്വങ്ങളുമായി ഉണ്ടായ അകൽച്ചയും ആര്യാടൻ ഷൗക്കത്തിന് പ്രതികൂലമായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. അതേസമയം മണ്ഡലത്തിൽ സുപരിചിതനെന്നതും ജനപ്രതിനിധിയെന്ന നിലയിലെ അനുഭവ സമ്പത്തും പ്രവർത്തകർക്കിടയിലെ സ്വാധീനവും ആര്യാടൻ മുഹമ്മദിന്റെ മകനെന്ന പരിവേഷവും തുണയാണ്. മുസ്‌ലിം ലീഗുമായി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും അനുകൂലമാണ്.

ജോയിയാവില്ല സംഘടനാ പ്രവർത്തനം

2026ലെ തിര‍ഞ്ഞെടുപ്പിന് ജില്ലയിലെ കോൺഗ്രസിനെ സജ്ജമാക്കേണ്ട ഡി.സി.സി പ്രസിഡ‌ന്റ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ ഒരുവിഭാഗം നേതാക്കൾ ചോദ്യം ചെയ്യുന്നുണ്ട്. പിന്നാട്, രണ്ട് സ്ഥാനങ്ങൾ ഒരുമിച്ച് വഹിക്കുന്നത് ചൂണ്ടിക്കാട്ടി പ്രതിഷേധമുയർന്നാൽ ഡി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കേണ്ടിവരും. നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ പുതിയൊരു പ്രസിഡന്റിന് ചുമതലയേകുന്നത് സംഘടനാപ്രവർത്തനത്തിന്റെ വേഗം കുറയ്ക്കും. ഔദ്യോഗിക ഗ്രൂപ്പിന്റെ ഭാഗമായി വിഭാഗീയ പ്രവർത്തനങ്ങൾ നടത്തുന്നെന്ന ആരോപണം ജോയിക്ക് പ്രതികൂലമാണ്. അതേസമയം യു.ഡി.എഫിൽ നിന്നും ക്രൈസ്തവ വിഭാഗം അകലുന്നെന്ന വിലയിരുത്തലുകൾക്കിടെ ജോയിയുടെ സ്ഥാനാർത്ഥിത്വം ഗുണകരമാവുമെന്ന അഭിപ്രായവുമുണ്ട്. ഡി.സി.സി പ്രസിഡന്റെന്ന നിലയിലെ മികച്ച പ്രവർത്തനവും യുവാവെന്നതും മികവായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.