ഫാസിസ്റ്റുകൾക്ക് ഒരേ മുഖം: ബിനോയ് വിശ്വം

Sunday 20 April 2025 12:15 AM IST

വടക്കാഞ്ചേരി: ഫാസിസ്റ്റ് ശക്തികൾക്ക് എല്ലാ രാജ്യത്തും ഒരേ മുഖമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. വടക്കാഞ്ചേരി വയലാർ രാമവർമ്മ സ്മാരക ലൈബ്രറി ഏർപ്പെടുത്തിയ യുവ കാവ്യ പുരസ്‌കാരം നൽകുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വായനശാലകൾക്കും എഴുത്തുകാർക്കും വർത്തമാന കാലഘട്ടത്തിൽ ഏറെ പ്രസക്തിയുണ്ടെന്നും കൂട്ടിച്ചേർത്തു.

പുരസ്കാരം കണ്ണൂർ കേളകം സ്വദേശിയും തലശ്ശേരി ബ്രണ്ണൻ കോളേജിലെ ഗവേഷക വിദ്യാർത്ഥിനിയുമായ അമൃത കേളകത്തിന് സാറാ ജോസഫ് നൽകി. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച 'രണ്ടിലകൾ ജീവിക്കാൻ തുടങ്ങുമ്പോൾ" എന്ന കാവ്യ സമാഹാരത്തിനാണ് പുരസ്‌കാരം.

വായനശാല പ്രസിഡന്റ് ഇ.എം.സതീശൻ അദ്ധ്യക്ഷത വഹിച്ചു. വയലാർ ശരത്ചന്ദ്രവർമ്മ പുരസ്‌കാര പ്രഖ്യാപനം നടത്തി. ആലങ്കോട് ലീലാകൃഷ്ണൻ, കെ.കെ.വത്സരാജ്, എം.ആർ.സോമനാരായണൻ, എം.യു.കബീർ, പി.ശങ്കരനാരായണൻ, എം.എ.വേലായുധൻ, ഷീലാ മോഹൻ, സി.വി.പൗലോസ് എന്നിവർ സംസാരിച്ചു.

ആശാസമരം കമ്മ്യൂണിസ്റ്റുകാർ ഏറ്റെടുക്കണം: സാറാ ജോസഫ്

സെക്രട്ടേറിയറ്റിന് മുന്നിൽ ആശാവർക്കർമാർ നടത്തുന്ന സമരം തീർത്തും ന്യായമാണെന്ന് എഴുത്തുകാരി സാറാ ജോസഫ് പറഞ്ഞു. അവകാശ പോരാട്ടങ്ങൾക്ക് വേണ്ടി നടത്തുന്ന സമരത്തെ അധിക്ഷേപിക്കുകയും കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നത് വർഗസമരം നടത്തുന്ന കമ്മ്യൂണിസ്റ്റുകാർക്ക് ചേർന്ന നടപടിയല്ല. സമരത്തെ ഏറ്റെടുക്കാൻ കമ്മ്യൂണിസ്റ്റുകാർ മുന്നോട്ടുവരണമെന്നും സാറാ ജോസഫ് ആവശ്യപ്പെട്ടു.