ബി.ജെ.പി.ജില്ലാ പുനഃസംഘടന: ഭാരവാഹികളിൽ 200  വനിതകൾ #സംസ്ഥാന ഭാരവാഹികളെ തീരുമാനിക്കുന്നത് വൈകും

Sunday 20 April 2025 12:18 AM IST

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാനത്തെ 14 റവന്യൂ ജില്ലകളെ 30 സംഘടനാ ജില്ലകളാക്കി ക്രമീകരിച്ചശേഷമുള്ള ആദ്യ പുനഃസംഘടനാ നടപടികൾ എല്ലാ ജില്ലകളിലും പൂർത്തിയാക്കി. സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റ രാജീവ് ചന്ദ്രശേഖർ തർക്കങ്ങൾക്ക് ഇടനൽകാതെയാണ് ജില്ലകളിലെ ഭാരവാഹി നിർണ്ണയം നടത്തിയത്.

600 ഓളം ജില്ലാഭാരവാഹികളിൽ 200പേർ വനിതകളാണ്. 225 പിന്നാക്ക സമുദായാംഗങ്ങളും 75 പട്ടികജാതി,വർഗ്ഗ വിഭാഗത്തിലുളളവരും 30 ക്രിസ്ത്യൻ നേതാക്കളും ജില്ലാനേതൃത്വത്തിലെത്തിയിട്ടുണ്ട്.

ഇതോടെ ഈ വർഷം അവസാനം നടക്കാനിരിക്കുന്ന തദ്ദേശതിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾക്കുള്ള നടപടികൾ തുടങ്ങി. സംസ്ഥാന ഭാരവാഹിനിർണ്ണയം ഇനിയും വൈകിയേക്കുമെന്നാണ് അറിയുന്നത്. ഏപ്രിൽ 15ന് സംസ്ഥാന ഭാരവാഹികളെ നിർണ്ണയിക്കുമെന്നാണ് അറിയിച്ചിരുന്നത്. അത് പൂർത്തിയാക്കാൻകഴിഞ്ഞില്ല.

30 സംഘടനാ ജില്ലകളിലായി 600ലേറെ പ്രവർത്തകരെയാണ് ഭാരവാഹികളായി നിർണ്ണയിച്ചത്. മുപ്പത് ജില്ലാപ്രസിഡന്റുമാരെ നിർണ്ണയിച്ചതിന് പിന്നാലെ ഒരാഴ്ച നീണ്ട ചർച്ചകളും അഭിമുഖങ്ങളും രണ്ടായിരത്തിലേറെ നേതാക്കളുമായി കൂടിക്കാഴ്ചകളും ഫോൺ സംഭാഷണങ്ങളും ഉൾപ്പെടെ വിശദമായ ചർച്ചകൾ നടത്തിയാണ് മറ്റ് ഭാരവാഹികളെ നിർണ്ണയിച്ചത്.ഇതോടെ ബൂത്ത് തലം മുതൽ ജില്ലാതലം വരെയുള്ള ഭാരവാഹികളുടെ നിർണ്ണയം പൂർത്തിയായിട്ടുണ്ട്. ടീം വികസിത കേരളം എന്നാണ് പുതിയ ജില്ലാഭാരവാഹികളുടെ കൂട്ടായ്മയ്ക്ക് സംസ്ഥാനപ്രസിഡന്റ് നൽകിയ പേര്.