ഡി.സി.സി തലത്തിലും രാഷ്ട്രീയകാര്യ സമിതി

Sunday 20 April 2025 12:19 AM IST

ന്യൂഡൽഹി: സംഘടനാ പരിഷ്കാരങ്ങളുടെ ഭാഗമായി ഡി.സി.സി തലത്തിലും രാഷ്ട്രീയകാര്യ സമിതി രൂപീകരിക്കാൻ കോൺഗ്രസ്. ഡി.സി.സികളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. നിലവിൽ പി.സി.സി തലത്തിൽ മാത്രമാണ് രാഷ്ട്രീയകാര്യ സമിതിയുള്ളത്. ഡി.സി.സി അദ്ധ്യക്ഷന്മാർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാം. ഫണ്ട് ശേഖരണത്തിലും പൊതുജന സമ്പർക്കത്തിലും കേരള മോഡൽ പിന്തുടരാനാണ് തീരുമാനം. കേരളത്തിലെ ഡി.സി.സികൾ ശക്തമാണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

 പ്രതികാര രാഷ്ട്രീയം

നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും പ്രതികളാക്കിയ കുറ്റപത്രം പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. ഡൽഹിയിൽ ജനറൽ സെക്രട്ടറിമാരുടെയും സംഘടനാ ചുമതലയുള്ളവരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും ഉന്നയിച്ച വഖഫ് ഭേദഗതി നിയമത്തിലെ പോരായ്‌മകൾ സുപ്രീംകോടതി പരിഗണിച്ചതിൽ സന്തോഷമെന്നും കൂട്ടിച്ചേർത്തു.