10 രൂപയി​ൽ ഒതുക്കാം രാവി​ലത്തെ വി​ശപ്പ്!

Sunday 20 April 2025 1:12 AM IST

ആശ്വാസമായി കോർപ്പറേഷന്റെ ഭക്ഷണശാല

കൊല്ലം: ചിന്നക്കട ബസ് ബേയിൽ കോർപ്പറേഷൻ നേതൃത്വത്തിൽ കുടുംബശ്രീക്കാർ തുടങ്ങിയ ഭക്ഷണശാലയിലെത്തിയാൽ പോക്കറ്റ് കീറാതെ ഇനി വിശപ്പടക്കാം. ഇഡ്ഡലി, ദോശ, ഇടിയപ്പം, സാമ്പാർ... ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം, വെറും പത്തു രൂപ മാത്രം നൽകിയാൽ മതി!

കോർപ്പറേഷന്റെ 'ഹലോ, ഗുഡ് മോണിംഗ് കൊല്ലം' എന്ന പദ്ധതി പ്രകാരമാണ് ഭക്ഷണശാല ആരംഭി​ച്ചത്. നാലു വീതമാണ് പ്ളേറ്റി​ലെത്തുന്ന ഇനങ്ങളുടെ എണ്ണം. രാവി​ലെ 7.30 മുതൽ രണ്ടു മണി​ക്കൂറാണ് ഭക്ഷണശാലയുടെ പ്രവർത്തനം. പാവപ്പെട്ടവർ വിശന്നി​രി​ക്കരുത് എന്നതാണ് കോർപ്പറേഷൻ പ്രാവർത്തികമാകുന്നത്.

ആരോഗ്യത്തിന്റെ പ്രധാന ഘടകം പ്രഭാത ഭക്ഷണമാണെന്ന ശാസ്ത്രമാണ് കോർപ്പറേഷൻ അധി​കൃതരെ ഭക്ഷണശാല തുടങ്ങാൻ പ്രേരി​പ്പി​ച്ചത്. ടെൻഡർ വിളിച്ചപ്പോൾ കുടുംബശ്രീ മാത്രമാണ് മുന്നോട്ട് വന്നത്. ഒരു നേരത്തെ ഭക്ഷണത്തിന് മൊത്തം 30 രൂപ ചെലവ് വരും. ഇതിൽ 20 രൂപ കോർപ്പറേഷനും 10 രൂപ കുടുംബശ്രീയും വഹിക്കും. കുടുംബശ്രീയുടെ വി​ഹി​തമായ 10 രൂപയാണ് ഉപഭോക്താക്കളി​ൽ നി​ന്ന് വാങ്ങുന്നത്.

ആശ്രാമം സ്നേഹിത കുടുംബശ്രീ യൂണിറ്റിലെ രജിതയാണ് പ്രഭാത ഭക്ഷണമൊരുക്കുന്നത്. ഓരോ ദിവസവും വ്യത്യസ്ത വിഭവങ്ങൾ തയ്യാറാക്കാനും ആലോചിക്കുന്നു.

കുറഞ്ഞ നിരക്കിൽ പ്രഭാതഭക്ഷണം നൽകുന്നതിന് പുറമേ ഒരു പുതിയ സംരംഭകയെ കണ്ടെത്താനും കഴിഞ്ഞതിൽ സന്തോഷമുണ്ട്. ആദ്യ ഘട്ടത്തിൽ പ്രതി​ദി​നം 300 പേർക്ക് ഭക്ഷണം നൽകും. ആവശ്യക്കാർ കൂടുന്നതനുസരിച്ച് വിപുലീകരിക്കാൻ പരി​ശ്രമി​ക്കും

ഹണി ബെഞ്ചമിൻ മേയർ