എം.ഡി.എ പിടിച്ച കേസിൽ ബംഗളൂരു സ്വദേശി പിടിയിൽ
കൊല്ലം: അഞ്ചാലുമൂട് സ്വദേശിനി അനില രവീന്ദ്രനിൽ നിന്ന് 90 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസുമായി ബന്ധപ്പെട്ട് കർണാടക സ്വദേശി പൊലീസ് പിടിയിൽ. എം.ഡി.എം.എ കടത്താൻ സിം കാർഡും എ.ടി.എം കാർഡും നൽകിയതിനാണ് ബംഗളുരു രാമയ്യ ഗാർഡനിൽ സെയ്ദ് അർബ്ബാസിനെ (25) ശക്തികുളങ്ങര പൊലീസ് പിടികൂടിയത്.
കഴിഞ്ഞമാസം 21ന് രഹസ്യവിവരത്തെ തുടർന്ന് ആൽത്തറമൂട്ടിൽ നിന്നു പിടികൂടിയ അനിലയുടെ കാറിൽ നിന്ന് 40 ഗ്രാം എം.ഡി.എം.എ ആദ്യം പിടിച്ചെടുത്തു. പിന്നീട് സ്കാനിംഗിന് വിധേയമാക്കിയപ്പോൾ ജനനേന്ദ്രിയത്തിൽ ഒളിപ്പിച്ചിരുന്ന 50 ഗ്രാം എം.ഡി.എം.എ കൂടി കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ എം.ഡി.എം.എ വാങ്ങാൻ സാമ്പത്തിക സഹായം നൽകിയ കിളികൊല്ലൂർ മങ്ങാട് സ്വദേശി ശരബിൻ അറസ്റ്റിലായി. എം.ഡി.എം.എയുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് സെയ്ദ് അർബ്ബാസ് പിടിയിലായത്.
40,000 രൂപയുടെ ഇടപാട്
അനിലയ്ക്ക് എം.ഡി.എം കൈമാറിയ നൈജീരിയൻ സ്വദേശിക്ക് സിം കാർഡ് 15,000 രൂപയ്ക്കും എ.ടി.എം കാർഡ് 25,000 രൂപയ്ക്കുമാണ് സെയ്ദ് അർബ്ബാസ് വിറ്റത്. അനിലയിൽ നിന്നു ലഭിച്ച അക്കൗണ്ട് വിവരവും മൊബൈൽ നമ്പറും പരിശോധിച്ചപ്പോൾ അത് മിസോറാം സ്വദേശിനിയുടേതായിരുന്നു. എന്നാൽ രണ്ടും ഉപയോഗിക്കുന്നത് ബംഗളൂരുവിൽ താമസിച്ച് എം.ഡി.എം.എ വിതരണം ചെയ്യുന്ന നൈജീരിയൻ പൗരന്റേതാണെന്ന് വ്യക്തമായി. ഇയാൾക്ക് എ.ടി.എമ്മും സിംകാർഡും അർബ്ബാസ് ആണ് നൽകിയതെന്ന് മനസിലായത്.
സുഹൃത്തുക്കളുടെയും ബംഗളുരുവിൽ താമസിക്കുന്ന ഇതര സംസ്ഥാനക്കാരുടെയും പേരിൽ സിം കാർഡും എ.ടി.എം കാർഡും എടുത്ത് ലഹരി ഇടപാടുകാർക്ക് നൽകുന്നതായിരുന്നു അർബ്ബാസിന്റെ ബിസിനസ്. ഏതെങ്കിലും കേസിൽ പെട്ടാൽ പെട്ടെന്ന് തിരിച്ചറിയാതിരിക്കാനും രക്ഷപ്പെടാനുമാണ് മറ്റുള്ളവരുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചുള്ള കാർഡുകൾ ഉപയോഗിക്കുന്നത്. കഴിഞ്ഞ നാലുമാസത്തിനിടെ 75 സിം കാർഡുകളും മൊബൈൽ കാർഡുകളും നൽകിയതായി അർബ്ബാസ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. അനിലയ്ക്ക് എം.ഡി.എം.എ നൽകിയ നൈജീരിയക്കാരനെ പിടികൂടാൻ അർബ്ബാസിനെ ചോദ്യം ചെയ്യും. ശക്തികുളങ്ങര ഇൻസ്പെക്ടർ ആർ. രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം ഒരാഴ്ചയായി ബംഗളൂരുവിൽ തമ്പടിച്ച് നടത്തിയ അന്വേഷണത്തിലാണ് അർബ്ബാസ് വലയിലായത്.