കളിക്കാം, പഠിക്കാം, കഥപറയാം(ഡെക്ക്) അങ്കണവാടികൾ സ്മാർട്ടാകുന്നു 123 എണ്ണം പൂർത്തിയായി, 92 ഉടൻ പൂർത്തിയാവും

Sunday 20 April 2025 1:42 AM IST

കോഴിക്കോട്: സംസ്ഥാനത്ത് 123 അങ്കണവാടികൾ സ്മാർട്ടായി. കളിക്കാനും കഥപറയാനുമുള്ള പൂന്തോട്ടം മാത്രമല്ല വീണാൽ പരിക്കു പറ്റാതിരിക്കാൻ ക്ലാസ് മുറികളിൽ സോഫ്റ്റ് മാറ്റുമുണ്ട്. പഠനമുറി, വിശ്രമമുറി, ഭക്ഷണമുറി, അടുക്കള, സ്റ്റോർ റൂം, അകത്തും പുറത്തും കളിക്കാനുള്ള സ്ഥലം, വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള ഹാൾ,പൂന്തോട്ടം, സ്മാർട്ട് ടിവി, മ്യൂസിക് സിസ്റ്റം, പോഷകാഹാരത്തോട്ടം, ഉറങ്ങാനുള്ള സ്ഥലം, റീഡിംഗ് കോർണർ, ചുമർ ചിത്രങ്ങൾ, പേരന്റ്സ് വെയിറ്റിംഗ് റൂം, മുതിർന്നവർക്കുള്ള ലെെബ്രറി എന്നിങ്ങനെ എല്ലാ സൗകര്യവും ചേർന്നതാണ് സ്മാർട്ട് അങ്കണവാടികൾ.

33120 അങ്കണവാടികളാണ് സംസ്ഥാനത്ത് ആകെയുള്ളത്. ഇതിൽ സ്വന്തമായി കെട്ടിടമില്ലാത്തവയാണ് ആദ്യം സ്മാർട്ടാകുന്നത്. ആദ്യ ഘട്ടത്തിൽ 215 എണ്ണത്തിനാണ് സർ‌ക്കാർ അനുമതി. കൂടുതൽ അങ്കണവാടികൾ സ്മാർട്ടാകുന്നത് കാസർകോട്ടാണ്. 30 എണ്ണം. മൂന്ന് അങ്കണവാടികളുള്ള ഇടുക്കിയിലാണ് കുറവ്. ഇതിൽ ഒരെണ്ണം മാത്രമാണ് പൂർത്തിയായത്. കൂടുതൽ സ്മാർട്ട് അങ്കണവാടികളുടെ നിർമ്മാണം പൂർത്തീകരിച്ചത് കൊല്ലത്താണ്. 17 എണ്ണം. വനിതാ ശിശുവികസന വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടും ചേർത്താണ് നിർമ്മാണം. വനിതാ ശിശുവികസന വകുപ്പ് 38.34 കോടിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ/എം.എൽ.എ ഫണ്ടിൽ നിന്ന് 19.4 കോടിയുമടക്കം 57.74 കോടിയാണ് പദ്ധതിച്ചെലവ്. 10 മുതൽ 1.25 സെന്റുവരെയുള്ള പ്ലോട്ടുകൾക്ക് അനുയോജ്യമായാണ് സ്മാർട്ട് അങ്കണവാടികൾ നിർമ്മിക്കുന്നത്.

സംസ്ഥാനത്ത് ആകെ 33120 അങ്കണവാടികൾ

ആദ്യ ഘട്ടത്തിൽ സ്മാർട്ട് ആകുന്നത് 215

പദ്ധതിച്ചെലവ്- 57.74 കോടി രൂപ